| Monday, 8th May 2023, 9:09 am

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബി.ജെ.പി: മണിപ്പൂര്‍ ട്രൈബല്‍ ഫോറം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബി.ജെ.പിയന്ന് മണിപ്പൂര്‍ ട്രൈബല്‍ ഫോറം. കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന മണിപ്പൂര്‍ ട്രൈബല്‍ ഫോറത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിക്കുന്നത്. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണിപ്പൂരിലെ ഗോത്രവിഭാഗക്കാരുടെ സംഘടനയാണ് മണിപ്പൂര്‍ ട്രൈബല്‍ ഫോറം.

അക്രമ സംഭവങ്ങള്‍ കുറഞ്ഞെങ്കിലും മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇംഫാല്‍ കോങ്‌പോക്പി, ചുരന്ദ്പൂര്‍, മൊറേ തുടങ്ങിയ പ്രശ്‌നബാധിത മേഖലകള്‍ സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും കര്‍ശന നിയന്ത്രണത്തിലാണ്. കരസേന നല്‍കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 23,000പേരെയാണ് ഇതുവരെ കലാപബാധിത മേഖലകളില്‍ നിന്ന് സുരക്ഷിത ഇടങ്ങളില്‍ എത്തിച്ചിരിക്കുന്നത്. മണിപ്പൂര്‍ സുരക്ഷ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് നല്‍കുന്ന കണക്കുകള്‍ പ്രകാരം 37 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ 56 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു. എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിന് ഇപ്പോഴും കൃത്യമായ കണക്കുകളില്ല.

കലാപങ്ങളുടെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയിരുന്ന വിനീത് ജോഷിയെ തിരികെ വിളിച്ച് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. മൂന്ന് ഐ.എസ്.എസ് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തിരുന്നു.

മണിപ്പൂരിലെ പ്രബല ജനവിഭാഗമായ മെയ്തി വിഭാഗത്തിന് എസ്.ടി സംവരണം നല്‍കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനമാണ് കലാപത്തിലേക്ക് വഴി വെച്ചത്. വന മേഖലകളില്‍ കഴിയുന്ന കുക്കി ഗോത്രവിഭാഗങ്ങളും മറ്റും സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് വരികയും ചെയ്തത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി.

അതേ സമയം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ തന്നെ ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മെയ്തി വിഭാഗത്തെ എസ്.ടി. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ചോദ്യം ചെയ്ത് മണിപ്പൂര്‍ നിയമസഭയിലെ ഹില്‍ ഏരിയ കമ്മറ്റി അധ്യക്ഷനും ബി.ജെ.പി എം.എല്‍.എയുമായ ദിന്‍ഗാങ്ഗ്ലുങ് ഗാങ്മീ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മെയ്തി വിഭാഗം ഗോത്രവിഭാത്തില്‍ പെടുന്നവരല്ല എന്ന വാദമാണ് ദിന്‍ഗാങ്ഗ്ലുങ് ഗാങ്മീ ഉയര്‍ത്തുന്നത്.

CONTENT HIGHLIGHTS; BJP behind Manipur riots

We use cookies to give you the best possible experience. Learn more