ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ നേതൃത്വത്തില്‍ ബീഫ് വില്‍ക്കാന്‍ സഹകരണസംഘം
Daily News
ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ നേതൃത്വത്തില്‍ ബീഫ് വില്‍ക്കാന്‍ സഹകരണസംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th July 2017, 9:42 am

തൃശൂര്‍: രാജ്യത്ത് പശുസംരക്ഷണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരത തുടരുമ്പോള്‍ തൃശൂരില്‍ ബീഫ് വില്‍പ്പനയ്ക്കായി സഹകരണസംഘം ആരംഭിച്ച് സംഘപരിവാര്‍ സംഘടനകള്‍. ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സഹകരണ സംഘത്തിന് തുടക്കമിട്ടതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

തൃശൂരിലാണ് മാട്ടിറച്ചി- മത്സ്യ ഉല്പാദന, വില്‍പ്പന മാര്‍ക്കറ്റിങ് സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങിയത്. ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, സെക്രട്ടറി ടി. ഉല്ലാസ്ബാബു, ബി.എം.എസ് ജില്ലാ സെക്രട്ടറി പി.വി സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം തുടങ്ങിയത്. നാഗേഷ് ചീഫ് പ്രമോട്ടറായാണ് മാട്ടിറച്ചി വില്‍പ്പനസംഘം രജിസ്റ്റര്‍ ചെയ്തത്.


Don’t Miss:വീണ്ടും പശുവിന്റെ പേരില്‍ ആക്രമം: ആസാമില്‍ കന്നുകാലികളുമായി പോയവാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു


സഹകരണ രജിസ്ട്രാറുടെ അനുമതിയോടെ തെരഞ്ഞെടുപ്പ് നടത്തി നാഗേഷിനെ പ്രസിഡന്റായും ടി.എസ് ഉല്ലാസ് ബാബുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. തിരുവമ്പാടി ക്ഷേത്രത്തിനു സമീപമാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

മത്സ്യ-മാംസ ഉല്പാദനത്തിനും അതിന്റെ സംസ്‌കരണം, വിതരണം, വ്യാപാരം എന്നിവയ്ക്കുമാണ് സംഘം പ്രവര്‍ത്തിക്കുക. ഉല്പന്നങ്ങള്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തും. ഇതിനായി മൊബൈല്‍ സേ്റ്റാറും റസ്‌റ്റോറന്റും തുടങ്ങും. ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ക്ക് മത്സ്യമാംസ വിതരണത്തിനും സംവിധാനമൊരുക്കും.

കന്നുകാലി കടത്താരോപിച്ചും ബീഫ് കഴിച്ചെന്നു പറഞ്ഞും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 23പേരെയാണ് ഹിന്ദുത്വതീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കേരളത്തില്‍ ഉള്‍പ്പെടെ ബീഫ് കടത്ത് ആരോപിച്ച് അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. പശുസംരക്ഷണത്തിന്റെ പേരുപറഞ്ഞാണ് സംഘപരിവാര്‍ സംഘടനകള്‍ ഈ ആക്രമണങ്ങളെ ന്യായീകരിക്കുന്നത്.