ലക്‌നൗ: യു.പിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭീഷണിയുമായി ബി.ജെ.പിയുടെ ബാരബങ്കി എം.പി പ്രിയങ്ക സിങ് റാവത്.
പറയുന്നപ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജീവനോടെ തൊലിയുരിക്കുമെന്നായിരുന്നു അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഗ്യാനജയ് സിങ്ങിനോടുള്ള എം.പിയുടെ ഭീഷണി. ഫോണില്‍ വിളിച്ചായിരുന്നു എം.പി ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.
ഞാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തനിക്കറിയാമെന്നും പറഞ്ഞപ്പോഴായിരുന്നു എം.പിയുടെ പ്രതികരണമെന്ന് സിങ് പറയുന്നു. നിയമവിരുദ്ധമായി സമ്പാദിച്ച എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുമെന്നും ജീവനോടെ തൊലിയുരിക്കുമെന്നുമായിരുന്നു ഭീഷണി.
പത്രസമ്മേളനത്തില്‍ സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടും ഇതേ ഭീഷണി തന്നെ എം.പി ആവര്‍ത്തിച്ചു.
” ഞങ്ങള്‍ക്ക് കേന്ദ്രത്തില്‍ മോദി സര്‍ക്കാരുണ്ട്. യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരുണ്ട്. ഞങ്ങളുടെ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും. അവരുടെ റെക്കോര്‍ഡുകള്‍ പരിശോധിക്കും- എം.പി പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നേട്ടമുണ്ടാക്കിയ കുറേ ആളുകളുണ്ട്. അവര്‍ വേണ്ടവിധം ജോലിചെയ്യുന്നില്ലെന്നും എം.പി കുറ്റപ്പെടുത്തി.
യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പൊലീസിനെതിരെ വലിയ രീതിയിലുള്ള ഭീഷണിയും ശിക്ഷാനടപടികളുമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നആരോപണം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ച ബി.ജെ.പി എം.പി രാഘവ് ലങ്കന്‍പാലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ ഒരു സംഘം അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.