Daily News
'ഇപ്പോള്‍ ഞങ്ങളല്ലേ ഭരിക്കുന്നത്' ബീഹാറിന്റെ ബീഫീന്റെ പേരില്‍ യുവാക്കളെ ആക്രമിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 05, 02:48 am
Saturday, 5th August 2017, 8:18 am

പാട്‌ന: ബീഫ് കടത്തിയെന്നാരോപിച്ച് ബീഹാറില്‍ ട്രക്ക് തടയുകയും മൂന്ന് യുവാക്കളെ ആക്രമിക്കുകയും ചെയ്ത സംഭവം ബി.ജെ.പി ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. നിയമവിരുദ്ധ മാംസവില്‍പ്പനക്കാര്‍ക്കെതിരെപൊലീസിന് തെളിവു നല്‍കണമെന്നും അതിനുവേണ്ടി നടപ്പിലാക്കിയതാണ് ഇതെന്നുമാണ് ബി.ജെ.പി പ്രവര്‍ത്തകരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ബീഹാറില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിനാല്‍ തങ്ങളുടെ ധാര്‍മ്മിക ബാധ്യത ശക്തിപ്പെട്ടെന്നും ഇതാണ് ഇത്തരമൊരു ആക്രമണത്തിനു പിന്നിലെന്നുമാണ് ബി.ജെ.പി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഭുവാര്‍ ഓജ പറയുന്നത്.

ബീഹാറിലെ മുസ്‌ലിം ഭൂരിപക്ഷ നിയമസഭാ മണ്ഡലമായ രാണിസാഗറിനെയും ബാംഗിയെയും “പ്രശ്‌ന മേഖലകള്‍” എന്നാണ് ഓജ വിശേഷിപ്പിച്ചത്. അതേസമയം തങ്ങളുടെ തന്നെ സര്‍ക്കാറാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നതിനാല്‍ ഇതിന്റെ പേരില്‍ യാതൊരു പ്രക്ഷോഭവും സംഘടിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.


Must Read: വ്യാജ അപകടകഥയുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: പേരാമ്പ്രയില്‍ അഞ്ച് ബി.ജെ.പിക്കാര്‍ അറസ്റ്റില്‍


ബീഫിന്റെ പേരില്‍ ബീഹാറില്‍ കഴിഞ്ഞദിവസം ട്രക്ക് ഡ്രൈവറുള്‍പ്പടെ മുന്നുപേരെ ജനക്കൂട്ടവും ബജ്‌റംഗദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ബീഫ് കടത്തുന്നുവെന്നാരോപിച്ച് ബോജ്പുരിലെ ഷാഹ്പുര്‍ വഴി പോവുകയായിരുന്ന ട്രക്ക് ഒരു സംഘം ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ തടയുകയും ഡ്രൈവറേയും കൂടെയുള്ളവരേയും മര്‍ദ്ദിക്കുകയുമായിരുന്നു.

ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ബീഫിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതെന്ന് അടുത്തിടെ ഒരു സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ശിക്ഷിക്കപ്പെടില്ലെന്ന വിശ്വാസമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് വളമേകുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.