| Thursday, 18th November 2021, 8:34 pm

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എന്‍.കെ. മുഹമ്മദ് ശാഫി സഅദി ബി.ജെ.പി അനുകൂലി, അഭിനന്ദിച്ച് മര്‍കസും കാന്തപുരവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എന്‍.കെ. മുഹമ്മദ് ശാഫി സഅദി ബി.ജെ.പി അനുകൂലി. തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ് ശാഫി സഅദിയെന്ന് കര്‍ണാടക ഹജ്ജ്, വഖഫ് മന്ത്രി ശശികല ജോലെ പറഞ്ഞു.

ബി.ജെ.പി പിന്തുണയോടെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളാണ് ശാഫി സഅദി. ഇതില്‍ അഭിമാനമുണ്ടെന്ന് ശശികല പറഞ്ഞു.

വിജയം പ്രഖ്യാപിച്ച ശേഷം ബി.ജെ.പി നേതാക്കളുടെ വലിയ നിര തന്നെ സഅദിയെ അഭിനന്ദിക്കാന്‍ രംഗത്തെത്തിയിരുന്നു. ശശികലയെക്കൂടാതെ നിയമമന്ത്രി മധുസ്വാമി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രവികുമാര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് ശാഫി സഅദിയെ അഭിനന്ദിച്ചത്.

ബി.ജെ.പിയും മുസ്‌ലിം ന്യൂനപക്ഷങ്ങളും തമ്മിലുള്ള ഭിന്നത ഒഴിവാക്കാന്‍ ശാഫി സഅദിയുടെ നിയമനം സഹായകരമാകുമെന്നാണ് മധുസ്വാമി പറഞ്ഞത്.

അതേസമയം ശാഫി സഅദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പിന്തുണച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാറും മര്‍കസും രംഗത്തെത്തി.


ശാഫി സഅദിയുടെ വിജയത്തെ അഭിനന്ദിച്ച് മര്‍കസിന്റെ ഔദ്യോഗിക പേജായ മര്‍കസ് സഖാഫത്തി സുന്നിയ പോസ്റ്റിട്ടിട്ടുണ്ട്. ഇത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

സിറാജ് ദിനപത്രത്തില്‍ ശാഫി സഅദിയെ അഭിനന്ദിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ശാഫി സഅദിയ്ക്ക് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്നാണ് സിറാജിലെ ലേഖനത്തില്‍ പറയുന്നത്.

‘ആകര്‍ഷണീയമായ വാക്ചാതുരിയും മാധ്യമങ്ങളിലെ ഇടപെടലും യുവപണ്ഡിതനെ നേതാവിന്റെ പരിവേഷത്തിലേക്ക് പെട്ടെന്ന് വളര്‍ത്തി,’ ലേഖനത്തില്‍ പറയുന്നു.

കര്‍ണാടക മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കൂടിയായ ശാഫി സഅദി, ആസിഫ് അലി ഷെയ്ഖ് ഹുസൈനെയാണ് പരാജയപ്പെടുത്തിയത്.

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ കര്‍ണാടക യാത്രയുടെ മുഖ്യ സംഘാടകനുമായിരുന്നു ശാഫി സഅദി.

വഖഫ് ബോര്‍ഡ് ഓഫീസില്‍ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പത്ത് അംഗങ്ങളില്‍ ആറു പേര്‍ ശാഫി സഅദിക്ക് അനുകൂലമായി വോട്ട് ചെയ്തു. മുന്‍ ചെയര്‍മാനായിരുന്ന ഡോ. യൂസുഫ് മരണപ്പെട്ട ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.


ശാഫി സഅദി 2010ലും 2016ലും എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇത് രണ്ടാം തവണയാണ് വഖഫ് ബോര്‍ഡ് അംഗമാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP-backed Shafi Saadi becomes Wakf Board chief AP Aboobacker Musliyar

We use cookies to give you the best possible experience. Learn more