ബെംഗളൂരു: കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എന്‍.കെ. മുഹമ്മദ് ശാഫി സഅദി ബി.ജെ.പി അനുകൂലി. തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ് ശാഫി സഅദിയെന്ന് കര്‍ണാടക ഹജ്ജ്, വഖഫ് മന്ത്രി ശശികല ജോലെ പറഞ്ഞു.
ബി.ജെ.പി പിന്തുണയോടെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളാണ് ശാഫി സഅദി. ഇതില്‍ അഭിമാനമുണ്ടെന്ന് ശശികല പറഞ്ഞു.
വിജയം പ്രഖ്യാപിച്ച ശേഷം ബി.ജെ.പി നേതാക്കളുടെ വലിയ നിര തന്നെ സഅദിയെ അഭിനന്ദിക്കാന്‍ രംഗത്തെത്തിയിരുന്നു. ശശികലയെക്കൂടാതെ നിയമമന്ത്രി മധുസ്വാമി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രവികുമാര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് ശാഫി സഅദിയെ അഭിനന്ദിച്ചത്.
ബി.ജെ.പിയും മുസ്‌ലിം ന്യൂനപക്ഷങ്ങളും തമ്മിലുള്ള ഭിന്നത ഒഴിവാക്കാന്‍ ശാഫി സഅദിയുടെ നിയമനം സഹായകരമാകുമെന്നാണ് മധുസ്വാമി പറഞ്ഞത്.
സിറാജ് ദിനപത്രത്തില്‍ ശാഫി സഅദിയെ അഭിനന്ദിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ശാഫി സഅദിയ്ക്ക് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്നാണ് സിറാജിലെ ലേഖനത്തില്‍ പറയുന്നത്.
വഖഫ് ബോര്‍ഡ് ഓഫീസില്‍ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പത്ത് അംഗങ്ങളില്‍ ആറു പേര്‍ ശാഫി സഅദിക്ക് അനുകൂലമായി വോട്ട് ചെയ്തു. മുന്‍ ചെയര്‍മാനായിരുന്ന ഡോ. യൂസുഫ് മരണപ്പെട്ട ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
ശാഫി സഅദി 2010ലും 2016ലും എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇത് രണ്ടാം തവണയാണ് വഖഫ് ബോര്‍ഡ് അംഗമാകുന്നത്.