| Wednesday, 16th December 2020, 3:55 pm

ഞാന്‍ തോറ്റു, പക്ഷേ എന്നെ പരാജയപ്പെടുത്താന്‍ പറ്റില്ല: ബി. ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ താന്‍ തോറ്റെങ്കിലും ഇപ്പോഴും പരാജയപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. കുട്ടന്‍കുളങ്ങരിയില്‍ പരാജയപ്പെട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സി.പി.ഐ.എമ്മിന് ആകില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള വ്യക്തിയെന്ന നിലയില്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ താന്‍ പരാജയപ്പെട്ടെന്നും പക്ഷേ ആ പരാജയം സി.പി.ഐ.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല എന്ന സംഘടിതമായ നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

‘സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സി.പി.ഐ.എമ്മിലേക്ക് വന്ന ഒരു നേതാവിന്റെ കീഴില്‍ തൃശൂര്‍ ജില്ല സി.പി.ഐ.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഒരാളെ ചുമതലപ്പെടുത്തി. ആ ചുമതലപ്പെടുത്തിയ ആള്‍ അവിടെ വന്ന് സര്‍ക്കുലര്‍ ഇറക്കി സി.പി.ഐ.എമ്മിന്റേയും അതുവഴി വളരെ കൃത്യമായ ഒരു ജാതി രാഷ്ട്രീയത്തിന്റേയും സങ്കലനമുണ്ടാക്കിയിട്ടാണ് എന്നെ പരാജയപ്പെടുത്തിയത്.

പക്ഷേ രാഷ്ട്രീയമായി ബി.ജെ.പി പരാജയപ്പെട്ടിട്ടില്ല. രാഷ്ട്രീയമായി സി.പി.ഐ.എമ്മിന് ഗോപാലകൃഷ്ണനെയോ ബി.ജെ.പിയെയോ പരാജയപ്പെടുത്താന്‍ കഴിയില്ല’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്നു ഗോപാലകൃഷ്ണന്‍. ബി.ജെ.പി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

നിലവില്‍ ആറു സീറ്റുകള്‍ മാത്രമുള്ള തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിജയം പ്രതീക്ഷിച്ചാണ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ ബി.ജെ.പി രംഗത്തിറക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP B Gopalakrishnan On Election Loss

We use cookies to give you the best possible experience. Learn more