| Wednesday, 5th February 2020, 8:29 am

അസ്‌ന ഇനി സ്വന്തം നാടിന്റെ ഡോക്ടര്‍ ലേഡി; ഇവിടെ അക്രമ രാഷ്ട്രീയം തോറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: 2000 സെപ്തംബര്‍ 27 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ ബോംബേറില്‍ വലതുകാല്‍ നഷ്ടടപ്പെട്ട അസ്‌നയെന്ന പെണ്‍കുട്ടി ഇന്ന് ഡോക്ടറാണ്. ആറാം ക്ലാസ് മുതല്‍ കൃത്രിമകാലുപയോഗിച്ച് ജീവിതത്തില്‍ മുന്നോട്ട് നടന്ന അസ്‌ന സ്വന്തം നാട്ടില്‍ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി ഇന്ന് മുതല്‍ ചുമതലയേല്‍ക്കും. ഇവിടെ അസ്‌നയുടെ കഠിനപ്രയത്‌നത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ അക്രമ രാഷ്ട്രീയം തോല്‍ക്കുകയാണ്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂവത്തൂല്‍ എല്‍.പി സ്‌ക്കൂള്‍ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത് സഹോദരന്‍ ആനന്ദിനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അസ്‌നക്ക് പരിക്കേറ്റത്. ബോംബേറില്‍ അമ്മ ശാന്തക്കും ആനന്ദിനും പരിക്കേറ്റു. എസ്.എസ്.എല്‍.സിക്കും ഹയര്‍സെക്കണ്ടറിക്കും മികച്ച വിജയം നേടിയ അസ്‌ന 2013 ലായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടുന്നത്.

അസ്‌നയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കോളേജില്‍ ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. ശേഷം അസ്‌നയുടെ കുടുംബത്തിന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടു നിര്‍മ്മിച്ചു നല്‍കുകയും നാട്ടുകാര്‍ പതിനഞ്ച് ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കുകയും ചെയ്തിരുന്നു.

ബോംബേറ് കേസില്‍ അന്നത്തെ ബി.ജെ.പി നേതാവും ഇപ്പോള്‍ സി.പി.ഐ.എം പ്രവര്‍ത്തകനുമായ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. അശോകന്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളേയും കോടതി ശിക്ഷിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more