| Thursday, 1st November 2018, 10:11 pm

ദിവ്യ സ്പന്ദനയുടേത് സര്‍ദാര്‍ പട്ടേലിനോടുള്ള ചരിത്രപരമായ അവഗണന; ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ പാദത്തിനരികെ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് “പക്ഷി കാഷ്ഠം വീണതാണോ” എന്നു ചോദിച്ചുകൊണ്ടുള്ള ദിവ്യ സ്പന്ദനയുടെ പരാമര്‍ശം വിവാദമായി.

ദിവ്യ സ്പന്ദനയുടെ പരാമര്‍ശത്തിലൂടെ വീഴുന്നത് കോണ്‍ഗ്രസിന്റെ മൂല്യങ്ങളാണെന്ന് ബി.ജെ.പി ട്വിറ്ററിലൂടെ തിരിച്ചടിച്ചു. സര്‍ദാര്‍ പട്ടേലിനോടുള്ള ചരിത്രപരമായ അവഗണനയുടേയും നരേന്ദ്രമോദിയോടുള്ള രോഗാതുരമായ ഇഷ്ടക്കേടിന്റെയും ആകെ തുകയാണ് ദിവ്യ സ്പന്ദന പ്രയോഗിച്ച ഭാഷയെന്നും ബി.ജെ.പി പറഞ്ഞു.

എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ തന്റേതു മാത്രമാണെന്നും താന്‍ എന്താണ് അര്‍ഥമാക്കിയതെന്ന് വ്യക്തത വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവ്യ സ്പന്ദന ബി.ജെ.പിയുടെ ട്വീറ്റിന് മറുപടി നല്‍കി.


അതേസമയം, ബി.ജെ.പി പ്രവര്‍ത്തകരെ കൂടാതെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദിവ്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദിവ്യ ഉപയോഗിച്ച ഭാഷ കടന്നതായിപ്പോയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം.

മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്കരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ചായിരുന്നു ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിരുന്നത്. ഇതെന്താ പക്ഷിക്കാഷ്ഠമാണോ എന്ന അടിക്കുറിപ്പോടെ മോദിയുടെ ചിത്രം സഹിതം പങ്കുവച്ചായിരുന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചിരുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമടക്കം മോദിയെ ട്രോളിക്കൊണ്ടും വിമര്‍ശിച്ചു കൊണ്ടും വ്യാപക പോസ്റ്റുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more