യു.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പാര്‍ട്ടി ചിഹ്നം ഉപയോഗിക്കരുതെന്ന് അംഗങ്ങളോട് ബി.ജെ.പി
national news
യു.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പാര്‍ട്ടി ചിഹ്നം ഉപയോഗിക്കരുതെന്ന് അംഗങ്ങളോട് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th September 2020, 9:59 am

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബി.ജെ.പിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്ന് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി(OFBJP) അംഗങ്ങള്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം.

അംഗങ്ങള്‍ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാമെന്നും ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും വിദേശരാജ്യങ്ങളില്‍ ബി.ജെ.പി പാര്‍ട്ടിയുടെ ചുമതലയുള്ള വിജയ് ചൗതെവാല പറഞ്ഞു. അതേ സമയം സ്വന്തം താത്പര്യപ്രകാരം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകുന്നവര്‍ ബി.ജെ.പി ചിഹ്നമോ, ബി.ജെ.പി, ഒ.എഫ്.ബി.ജെ.പി പേരോ ഉപയോഗിക്കരുത് എന്നാണ് നിര്‍ദേശം.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ആഴ്ത്തിലുള്ള സൗഹൃദമാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ വംശജയായ ഒരാള്‍ യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നത് സന്തോഷമുണ്ടാക്കുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അതത് രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണ്. അതിന്റെ നടപടി ക്രമങ്ങളില്‍ ബി.ജെ.പിക്ക് ഒരു വിധത്തിലുള്ള പങ്കുമില്ല വിജയ് ചൗതൈവാലെ പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായ പ്രചരണം ഇന്ത്യക്കാര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

ബി.ജെ.പി ട്രംപിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നരേന്ദ്ര മോദി ട്രംപിന്റെ പ്രചാരകനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വിഷയത്തില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം നടത്തിവരികയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചരണത്തിന് ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന നമസ്‌തേ ട്രംപിന്റെയും കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ഹൗഡി മോദിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നു.

ഇതിന് പുറമേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയില്‍ മോദിയുടെ വീഡിയോ ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദി പുകഴ്ത്തുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്യാമ്പയിന് വേണ്ടി ഉപയോഗിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bjp asks us members not to use party name in us presidential polls