| Monday, 17th October 2022, 8:44 am

മോദിയെന്ന വല്യേട്ടനോടൊപ്പം സഞ്ചരിച്ചാല്‍ മാത്രം മതി, അദ്ദേഹം നിങ്ങളെ പരിപാലിക്കും; മുസ്‌ലിങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തങ്ങളുടെ ഭരണത്തിന് കീഴില്‍ പശ്മാന്ദ വിഭാഗവും അവരുടെ വിശ്വാസവും സുരക്ഷിതമാണെന്ന് ബി.ജെ.പി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ പശ്മാന്ദ വിഭാഗവുമായി ബി.ജെ.പി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പരാമര്‍ശം.

കാവി ഷാളും, തലപ്പാവും നല്‍കിയായിരുന്നു യോഗത്തില്‍ ബി.ജെ.പി പശ്മാന്ദ വിഭാഗത്തെ സ്വാഗതം ചെയ്തത്. പിന്നാലെ വന്ദേ മാതരം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങളും മുഴങ്ങിയിരുന്നു. യോഗത്തില്‍ കോണ്‍ഗ്രസിനെതിരേയും സമാജ്‌വാദി പാര്‍ട്ടിക്കെതിരേയും ബി.ജെ.പി വിമര്‍ശനം ഉന്നയിച്ചിരുന്നു. വോട്ടിന് വേണ്ടി കോണ്‍ഗ്രസും എസ്.പിയും പശ്മാന്ദ വിഭാഗത്തെ കബളിപ്പിക്കുകയായിരുന്നു എന്നാണ് ബി.ജെ.പിയുടെ വാദം.

‘പാചകം ചെയ്ത് കഴിഞ്ഞ ബിരിയാണിയില്‍ നിന്ന് വലിച്ചെറിയുന്ന വെറും കറുവയില പോലെയാണ് സ്വാതന്ത്ര്യത്തിന് ശേഷം നിങ്ങളെ അവര്‍ കണ്ടിരുന്നത്. നിങ്ങളുടെ വോട്ടുകള്‍ വാങ്ങി കോണ്‍ഗ്രസും എസ്.പിയും നിങ്ങളെ കബളിപ്പിക്കുകയായിരുന്നു,’ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്മാന്ദ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും പതക് യോഗത്തില്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് പശ്മാന്ദ വിഭാഗത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ വിശ്വാസമര്‍പ്പിക്കണം. അദ്ദേഹത്തിന്റെ കരങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. എസ്.പിയും കോണ്‍ഗ്രസും നിങ്ങളില്‍ ബി.ജെ.പിയെ കുറിച്ച് ഭയമുണ്ടാക്കും. എസ്.പി നിങ്ങളെ ഒരു കറുവയില പോലെ ഉപയോഗിച്ചു. ഇനിയതുണ്ടാകരുത്,’ പതക് പറയുന്നു.

അടുത്തിടെ ഹൈദരാബാദില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തഴയുന്ന സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ കുറിച്ച് സംസാരിക്കാന്‍ മോദി 12 മിനിട്ട് മാറ്റി വെച്ചെന്നും യോഗത്തില്‍ പറഞ്ഞു.

‘ബി.ജെ.പി വിഭജനത്തിലല്ല, വിതരണത്തിലാണ് വിശ്വസിക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. എല്ലാ സമുദായങ്ങളിലെയും നിരാലംബരും അധഃസ്ഥിതരുമായ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതും ഇതേ കാരണത്താലാണ്. ബി.ജെ.പിക്കാര്‍ക്ക് മാത്രമേ അതിന് കഴിയൂ,’ ബി.ജെ.പി യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി സാബിര്‍ അലി പറഞ്ഞു.

രാജ്യത്തെ ഒരു പ്രധാനമന്ത്രിയും ഇന്റര്‍നാഷണല്‍ ഫോറത്തില്‍ തന്റെ രാജ്യത്തെ മുസ്‌ലിങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പക്ഷേ അത് ചെയ്തത് മോദിയാണ്. അദ്ദേഹം മുസ്‌ലിം വിഭാഗത്തോട് ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറും എടുക്കാനാണ് ആഹ്വാനം ചെയ്തതെന്നും അലി കൂട്ടിച്ചേര്‍ത്തു. 70 വര്‍ഷത്തോളം രാജ്യം ഭരിച്ച മറ്റ് പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി വിരുദ്ധ വികാരമാണ് വളര്‍ത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വല്യേട്ടനായ മോദിയോടൊപ്പം മുന്നോട്ടുപോയാല്‍ മതിയെന്നുമായിരുന്നു ജമ്മു-കശ്മീരിലെ ബി.ജെ.പി നേതാവും എം.പിയുമായ ഗുലാം അലി ഖട്ടാനയുടെ പരാമര്‍ശം.

അതേസമയം ബി.ജെ.പി മുസ്‌ലിം വിഭാഗത്തോട് കുറച്ചുകൂടി മയത്തില്‍ പെരുമാറണമെന്നും ഗ്യാന്‍വാപി പോലുള്ള പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കരുതെന്നും യു.പി ഉര്‍ദു അക്കാദമി ചെയര്‍മാന്‍ ഹാജി അസം ഖുറൈശി പറഞ്ഞു. ബി.ജെ.പിയുടെ മാന്യമായ പെരുമാറ്റം ഒരുപക്ഷേ ബി.ജെ.പിയെ കുറിച്ച് മുസ്‌ലിങ്ങള്‍ക്കിടയിലുള്ള കാഴ്ചപ്പാടുകള്‍ മാറ്റിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നാക്ക മുസ്‌ലിങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സംസ്ഥാനത്തെ പശ്മാന്ദ വിഭാഗവുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയായിരിക്കും കൂടിക്കാഴ്ച നടക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഔപചാരിക യോഗം നടക്കുന്നത്.

രാജ്യത്തെ മുസ്‌ലിം വിഭാഗത്തെ മൂന്നായാണ് തരംതിരിച്ചിരിക്കുന്നത്. അഷ്റഫ് (ഉയര്‍ന്ന വിഭാഗം), അജ്‌ലാഫ് (പിന്നാക്ക വിഭാഗം), അര്‍സാല്‍ (ദളിത് മുസ്ലിം വിഭാഗം). ഇതില്‍ അജ്‌ലാഫ്, അര്‍സാല്‍ വിഭാഗങ്ങളെയാണ് പശ്മാന്ദ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയില്‍ 85 ശതമാനവും പശ്മാന്ദ വിഭാഗക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വിഭാഗത്തിലെ ഏറ്റവും ശക്തമായ വോട്ട് ബാങ്ക് ആണ് പശ്മാന്ദ വിഭാഗം.

Content Highlight: BJP asks muslims in india to walk along with their big brother modi, says muslims are safe in the rule of bjp

We use cookies to give you the best possible experience. Learn more