കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിക്കാന്‍ ബംഗാളില്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയ. സംസ്ഥാനത്തെ രാഷ്ട്രീയ ആക്രമണങ്ങളും തീവ്രവാദവും തടയാന്‍ ഉടന്‍ കേന്ദ്ര സേനയെ ഇറക്കുമെന്നും വിജയ വര്‍ഗീയ പറഞ്ഞു.
സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞടുപ്പ് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിജയവര്‍ഗിയ ആവശ്യപ്പെട്ടു
‘കാലിനടിയിലുള്ള മണ്ണൊലിച്ച് പോകുന്നത് മമത അറിയുന്നുണ്ട്. അതുകൊണ്ട് അധികാരം പിടിച്ചെടുക്കാന്‍ ആക്രമണത്തിലൂടെ ശ്രമിക്കുകയാണ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ആക്രമണം നിറഞ്ഞ സാഹചര്യത്തിന് ഒരു അവസാനമിട്ട് തെരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിയുക്തമായും നടത്താന്‍ ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയാണ്. അതിനായി ഉടന്‍ കേന്ദ്ര സേനയെ വിന്യസിക്കണം,’ കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.
ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് തൃണമൂല്‍-ബി.ജെ.പി വാക്കുതര്‍ക്കത്തിന് വീണ്ടും ആക്കം കൂടിയത്. ബംഗാളില്‍ മമതയുടെ ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന വാദവുമായി ബി.ജെ.പി നേതാവ് പ്രഗ്യ സിംഗ് ഠാക്കൂര്‍ രംഗത്തെത്തിയിരുന്നു.
ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ മമത സര്‍ക്കാരിനെതിരെ കേന്ദ്രവും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറും തിരിഞ്ഞിരുന്നു.
പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ജഗദീപ് ധങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മമത ബാനര്‍ജി തീ കൊണ്ട് കളിക്കാന്‍ നില്‍ക്കരുതെന്നും ധങ്കര്‍ വെല്ലുവിളി നടത്തിയിരുന്നു.
അതേസമയം, ബംഗാളിലെ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരികെ വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നദ്ദയ്‌ക്കെതിരായ ആക്രമണം ബി.ജെ.പി തന്നെ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് തൃണമൂല്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക