| Friday, 23rd August 2024, 2:35 pm

2015ലെ പി.ഡി.പി-ബി.ജെ.പി സഖ്യത്തിന്റെ മുഖ്യസൂത്രധാരനെ കശ്മീരില്‍ വീണ്ടും കളത്തിലിറക്കാന്‍ സംഘപരിവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2015ല്‍ ജമ്മു കശ്മീരില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച രാം മാധവിനെ വീണ്ടും തെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ച് ബി.ജെ.പി ദേശീയ നേതൃത്വം. ജമ്മു കശ്മീരിലെ പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വീണ്ടും അധികാരം പിടിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണ് പുതിയ ചുമതല എന്നാണ് റിപ്പോര്‍ട്ടുകള്‍

2014ല്‍ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായപ്പോള്‍ പി.ഡി.പി (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫണ്ട്)യുമായി ചര്‍ച്ചകള്‍ നടത്തി ബി.ജെ.പി സര്‍ക്കാര്‍ രൂപികരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.

രാം മാധവിന് പുറമെ കേന്ദ്രമന്ത്രി ജെ.കിഷന്‍ റെഡ്ഡിക്കും ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ട്. കഴിഞ്ഞ ദിവസം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും എന്ന് അറിയിച്ചിരുന്നു.

പത്ത് വര്‍ഷം മുന്‍പ് നടന്ന ജമ്മു കശ്മീരിലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി പി.ഡി.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. തുടര്‍ന്ന് 25 സീറ്റുകള്‍ നേടിയ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് പി.ഡി.പി സര്‍ക്കാര്‍ രൂപീകരിച്ചു. അന്ന് രാം മാധവായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

എന്നാല്‍ പി.ഡി.പിയുമായുള്ള ബി.ജെ.പി സഖ്യത്തിന് ആയുസ്സ് കുറവായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തിന് പിന്നാലെ സഖ്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ മകളായ മെഹബൂബ മുഫ്തി അധികാരം ഏറ്റെടുത്തെങ്കിലും ബി.ജെ.പിയുമായി അത്ര നല്ല ബന്ധം വെച്ച് പുലര്‍ത്താന്‍ മുഫ്തിക്ക് സാധിച്ചില്ല.

ഒടുവില്‍ 2018ല്‍ ബി.ജെ.പി പിന്തുണ പിന്‍വലിച്ചപ്പോള്‍ ജമ്മു കശ്മീരിന്റെ ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കുകയായിരുന്നു. ഈ തീരുമാനത്തിലും രാം മാധവിന്റെ നിലപാടുകള്‍ നിര്‍ണായകമായി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രാദേശിക പാര്‍ട്ടികളുമായുള്ള കൂടിയാലോചനകള്‍ രാം മാധവ്‌ആരംഭിച്ച് കഴിഞ്ഞതായാണ് സൂചന.

ഏറെ കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന രാം മാധവ്‌ 2014 മുതല്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പദവിയിലിരിക്കെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഇന്‍ ചാര്‍ജായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം ആര്‍.എസ്.എസ് പശ്ചാത്തലമുള്ള രാം മാധവിന്റെ  ബി.ജെ.പിയിലേക്കുള്ള തിരിച്ചുവരവ് ബി.ജെ.പിയില്‍ ആര്‍.എസ്.എസിന്റെ നഷ്ടപ്പെട്ടുപോയ ആധിപത്യം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: BJP  appointed Ram Madhav as the co-poll in charge of J&K Election

We use cookies to give you the best possible experience. Learn more