| Tuesday, 4th July 2023, 4:27 pm

ബി.ജെ.പിയില്‍ അഴിച്ചുപണി; നാല് സംസ്ഥാനങ്ങള്‍ക്ക് പുതിയ അധ്യക്ഷന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞൈടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ അഴിച്ചുപണി. നാല് സംസ്ഥാനത്തെ അധ്യക്ഷന്മാരെയാണ് മാറ്റിയിരിക്കുന്നത്. ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന ബി.ജെ.പി അധ്യക്ഷനായി നിയമിച്ചു. ബാബുലാല്‍ മറാന്‍ഡിയെ ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷനായും പി. പുരന്ദേശ്വരിയെ ആന്ധ്രാപ്രദേശ് പാര്‍ട്ടി അധ്യക്ഷനായും നിയമിച്ചു. മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ പഞ്ചാബില്‍ ബി.ജെ.പിയെ നയിക്കും.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള നേതാവ് എലെറ്റ രാജേന്ദര്‍ ചുമതലയേല്‍ക്കുമെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.

തെലങ്കാന ബി.ജെ.പി അധ്യക്ഷനായിരുന്ന ബന്ധി സഞ്ജയ് കുമാറിനെ കേന്ദ്രമന്ത്രിയാക്കാനാണ് സാധ്യതയെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തിയവര്‍ക്കാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം നല്‍കിയിരിക്കുന്നത്. പുരന്ദേശ്വരിയും സുനില്‍ ജാഖറും കോണ്‍ഗ്രസ് വിട്ടാണ് ബി.ജെ.പി പാളയത്തില്‍ എത്തിയത്. തെലങ്കാന ദേശം പാര്‍ട്ടിയുടെ സ്ഥാപകനും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി റാവുവിന്റെ മകളാണ് പുരന്ദേശ്വരി.

എല്ലാ സംസ്ഥാന അധ്യക്ഷന്മാരുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ബി.ജെ.പി ജൂലൈ 7ന് വിളിച്ചിട്ടുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമാണ് യോഗത്തിന് അധ്യക്ഷത വഹിക്കുക. കേന്ദ്ര മന്ത്രിസഭാ യോഗം നാളെ 10.30ന് ചേരുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: BJP appointed new chiefs in four states

We use cookies to give you the best possible experience. Learn more