| Saturday, 2nd March 2024, 7:27 pm

തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ, ആലപ്പുഴയില്‍ ശോഭാസുരേന്ദ്രനും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബി.ജെ.പി. കേരളത്തില്‍ 12 ലോക്‌സഭാ മണ്ഡലത്തിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരടങ്ങുന്ന 195 അംഗങ്ങളുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്.

കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് നിലവിലെ കേന്ദ്ര മന്ത്രിമാരാണ്. തിരുവനന്തപുരത്ത് വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായ വി. മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മത്സരിക്കും.

പത്തനംതിട്ടയില്‍ അടുത്ത കാലത്ത് ഐ.എന്‍.സി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് മത്സരിക്കുന്നത്. മലപ്പുറത്ത് മുന്‍ വി.സി കൂടിയായ അബ്ദുല്‍ സലാം ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് മത്സരിക്കും.

മൂന്ന് സ്ത്രീകളെയാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനും മഹിളാ മോര്‍ച്ച നേതാവായ നിവേദിത സുബ്രമണ്യം പൊന്നാനിയില്‍ മത്സരിക്കുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം അറിയിച്ചു. വയനാട്, കോഴിക്കോട് അടക്കമുള്ള മണ്ഡലങ്ങളിലെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭ സുരേന്ദ്രനെ പരിഗണിച്ചിരുന്നു.

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍

കാസര്‍കോഡ് – എം.എല്‍. അശ്വനി

പാലക്കാട് – സി. കൃഷ്ണകുമാര്‍

കണ്ണൂര്‍ – സി. രഘുനാഥ്

തൃശ്ശൂര്‍ – സുരേഷ് ഗോപി

ആലപ്പുഴ – ശോഭ സുരേന്ദ്രന്‍

പത്തനംതിട്ട – അനില്‍ ആന്റണി

വടകര – പ്രഫുല്‍ കൃഷ്ണന്‍

ആറ്റിങ്ങല്‍ – വി. മുരളീധരന്‍

കോഴിക്കോട് – എം.ടി. രമേശ്

മലപ്പുറം – ഡോ. അബ്ദുല്‍ സലാം

പൊന്നാനി – നിവേദിത സുബ്രമണ്യം

അതേസമയം പ്രധാനമന്ത്രി മൂന്നാം തവണയും വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. ബി.ജെ.പി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ 34 കേന്ദ്ര, സഹമന്ത്രിമാരുടെയും രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെയും പേരുകള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് താവ്‌ഡെ പറഞ്ഞു.

അരുണാചല്‍ പ്രദേശ് വെസ്റ്റില്‍ കിരണ്‍ റിജിജു, ദിബ്രുഗഡില്‍ സര്‍ബാനന്ദ സോനോവാള്‍, വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ മനോജ് തിവാരി, ന്യൂദല്‍ഹിയില്‍ ബന്‍സുരി സ്വരാജ്, ഗാന്ധിനഗറില്‍ അമിത് ഷാ, പോര്‍ബന്തറില്‍ മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ മത്സരിക്കും. തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥി പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.

Content Highlight: BJP announced candidates for the Lok Sabha election

Latest Stories

We use cookies to give you the best possible experience. Learn more