ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 189 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി.ജെ.പി പുറത്ത് വിട്ടത്. നിലവിലെ പല എം.എല്‍.എമാരെയും തള്ളി കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് വന്നവരാണ് ആദ്യ പട്ടികയില്‍ കൂടുതലുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാം പട്ടിക ഉടനെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ചൊവ്വാഴ്ച പട്ടിക പുറത്തിറക്കിയത്.
ഇത്തവണ യുവാക്കള്‍ക്കാണ് ബി.ജെ.പി പരിഗണന നല്‍കുന്നതെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. 189ല്‍ 52 പേരും പുതിയ ആളുകളാണെന്ന് ബി.ജെ.പി നേതാവ് അരുണ്‍ സിങും പറഞ്ഞു.
അതേസമയം കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടാറിന് സീറ്റ് നിഷേധിച്ച വാര്‍ത്ത നേരത്തെ വന്നിരുന്നു. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഷെട്ടാറിനോട് ഇത്തവണ മത്സരിക്കേണ്ടെന്ന് ബി.ജെ.പി ഹൈക്കമാന്‍ഡ് പറഞ്ഞതായാണ് ന്യൂസ് 9 റിപ്പോര്‍ട്ട് ചെയ്തത്.
തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്‍ക്കുമെന്ന മുതിര്‍ന്ന പാര്‍ട്ടി അംഗം കെ. ഈശ്വരപ്പയുടെ തീരുമാനത്തിന് പിന്നാലെയാണ് ജഗദീഷ് ഷെട്ടാറിന് സീറ്റ് നിഷേധിച്ചത്. എന്നാല്‍ തന്നെ തഴഞ്ഞ പാര്‍ട്ടി നടപടി അംഗീകരിക്കില്ലെന്നാണ് ജഗദീഷ് ഷെട്ടാറിന്റെ നിലപാട്. ഇതിനെതിരെ പാര്‍ട്ടി ഹെക്കമാന്‍ഡിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നോട് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറഞ്ഞതാണ് ഷെട്ടാറിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി പാര്‍ട്ടിയിലെ സജീവ അംഗമാണ് താനെന്നും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും താന്‍ വിജയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
content highlight: bjp announced candidate list in karnataka