NATIONALNEWS
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല; മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
ഭോപ്പാല്‍: മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. ഛത്തീസ്ഗഡിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ബി.ജെ.പി ഇപ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയിലേക്ക് 39 സ്ഥാനാര്‍ത്ഥികളെയും 90 അംഗങ്ങളുള്ള ഛത്തീസ്ഗഡിലേക്ക് 21 സ്ഥാനാര്‍ത്ഥികളെയുമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഉന്നത തെരഞ്ഞെടുപ്പ് ബോഡി ബുധനാഴ്ച ചേര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ നീക്കം. നേരത്തെ തന്നെ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനായി ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നതായാണ് വൃത്തങ്ങള്‍ പറയുന്നത്.
ഛത്തീസ്ഗഡിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഞ്ച് സ്ത്രീകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പടാനില്‍ നിന്നും ലോക്‌സഭാ എം.പി വിജയ് ഭാഗേല്‍, പ്രേംനഗറില്‍ നിന്നും ഭുലാന്‍ സിങ്, ബാത്ഗാവോണില്‍ നിന്നും ലക്ഷ്മി രാജ്‌വാഡേ, പ്രതാപൂരില്‍ നിന്നും ശകുന്തള സിങ് പാര്‍തോ, സാറൈപാലിയില്‍ നിന്നും സര്‍ള കൊസാരിയ, ഖല്ലാരിയില്‍ നിന്നും അല്‍ക ചന്ദ്രാകര്‍, ഖുജിയില്‍ നിന്നും ഗീത സാഹി ഗാഹു, ബസാതാറില്‍ നിന്നും മണിറാം കശ്യപ് എന്നിവരും പട്ടികയിലുണ്ട്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി പ്രഖ്യാപിച്ചിട്ടുള്ള 39 അംഗ സ്ഥാനാര്‍ത്ഥി പട്ടികയിലും അഞ്ച് സ്ത്രീകളാണ് ഉള്ളത്. സബാര്‍ഗര്‍ഹില്‍ നിന്നും സര്‍ള വിജേന്ദ്ര റാവത്ത്, ചാചൗറയില്‍ നിന്നും പ്രിയങ്ക മീന, ചത്തര്‍പൂരില്‍ നിന്നും ലളിത യാദവ്, ജാബുഅയില്‍ നിന്നും ബാനു ബുരിയ, പെട്‌ലവാടില്‍ നിന്നും നിര്‍മല ബുരിയ, ഭോപ്പാല്‍ ഉത്തറില്‍ നിന്നും അലോക് ശര്‍മ, ഭോപ്പാല്‍ മധ്യയില്‍ നിന്നും ധ്രുവ് നാരായണ സിങ് എന്നിവരാണ് പട്ടികയിലുള്ളത്.
2018ല്‍ മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റ് നേടി കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 109 സീറ്റായിരുന്നു ബി.ജെ.പി നേടിയിരുന്നത്. തുടര്‍ന്ന് കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയും നിരവധി എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോകുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് കമല്‍നാഥ് രാജിവെച്ചു. തുടര്‍ന്ന് ശിവരാജ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബി.ജെ.പിക്ക് ഭരണമുള്ളത്. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ബി.ആര്‍.എസുമാണ് മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരണത്തിലുള്ളത്.
Content Highlights: BJP Announce candidate for madhyapradesh and chhattisgarh election