|

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ ബംഗാളിൽ വർഗീയ ധ്രുവീകരണം തീവ്രമാക്കി ബി.ജെ.പിയും സംഘപരിവാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ പ്രതിഷേധത്തിന് മറവിൽ ബംഗാളിൽ വർഗീയ ധ്രുവീകരണം നടത്തി ബി.ജെ.പിയും സംഘപരിവാറും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയുമാണ് ആർ.എസ്.എസും ബി.ജെ.പിയും വർഗീയ ധ്രുവീകരണം നടത്തുന്നത്.

സംസ്ഥാനത്ത് വർഗീയ സംഘർഷം ആളിക്കത്തിക്കാൻ വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് ബി.ജെ.പിയും അതിന്റെ നേതാക്കളും തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നുണ്ട്. ബി.ജെ.പി എം. പി ജ്യോതിർമയ് മഹാതോ, ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി, പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ തുടങ്ങിയവരൊക്കെയും തന്നെ വിദ്വേഷ പ്രചരണത്തിൽ മുന്നിലുണ്ട്.

പശ്ചിമ ബംഗാളിലെ സാമുദായിക ഐക്യം തകർക്കാൻ വേണ്ടി അസം, ഉത്തർപ്രദേശ്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളുടെ വ്യാജ ചിത്രങ്ങൾ ബി.ജെ.പി നേതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.

അതേസമയം പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ധുലിയാനിൽ 400ലധികം ഹിന്ദുക്കൾ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി ഞായറാഴ്ച അവകാശപ്പെട്ടു.

മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം ‘തീവ്രവാദ’ ഘടകങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് സുവേന്ദു അധികാരി വാദിച്ചു.

‘മതഭ്രാന്തന്മാരെ ഭയന്ന് മുർഷിദാബാദിലെ ധുലിയാനിൽ നിന്നുള്ള 400ലധികം ഹിന്ദുക്കൾക്ക് നദിക്ക് കുറുകെ പലായനം ചെയ്ത് മാൾഡയിലെ ബൈസ്‌നബ്‌നഗറിലെ ദിയോനാപൂർ-സോവാപൂർ ജിപിയിലെ പാർ ലാൽപൂർ ഹൈസ്‌കൂളിൽ അഭയം തേടേണ്ടിവന്നു,’ സുവേന്ദു അധികാരി എക്‌സിൽ കുറിച്ചു.

കശ്മീരിൽ, കശ്മീരി പണ്ഡിറ്റുകൾക്കുണ്ടായ അനുഭവമാണ് ബംഗാളിലെ ഹിന്ദുക്കൾക്ക് നേരിടേണ്ടി വരുന്നതെന്ന് ബി.ജെ.പി എം. പി ജ്യോതിർമയ് മഹാതോ ആരോപിച്ചു. സംഘർഷമുണ്ടായ മുർഷിദാബാദ്, നാദിയ, മാൾഡ, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ സായുധസേനാ പ്രത്യേകാധികാര നിയമം അടിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതിർമയ് മഹാതോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തു. കശ്മീരി പണ്ഡിറ്റുകളെ പോലെ ബംഗാളിലെ ഹിന്ദുക്കൾ വേട്ടയാടപ്പെടുകയാണെന്ന് മഹാതോ സമൂഹമാധ്യമത്തിൽ കുറിച്ചു.

സംഘർഷമുണ്ടായ പ്രദേശങ്ങളിൽ ഇന്റർനെറ്റും മറ്റും വിലക്കിയത് ഹിന്ദുക്കളുടെ ദുരവസ്ഥ പുറത്തുവരരുതെന്ന ദുരുദ്ദേശത്തോടെയാണെന്ന പ്രചാരണവും ബി.ജെ.പി നടത്തുന്നുണ്ട്.

വഖഫ് (ഭേദഗതി) ബിൽ പാസായതിനുശേഷം ബി.ജെ.പി ഇന്ത്യയിലുടനീളം വർഗീയ സംഘർഷം വ്യാപിപ്പിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് ഡെറക് ഒബ്രയാൻ വിമർശിച്ചു. ‘ബി.ജെ.പി പാർലമെന്റിൽ രാത്രിയിൽ നിശബ്ദമായി വഖഫ് ബിൽ പാസാക്കി. അതിനുശേഷം അവർ വിവിധ സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷം പടർത്താൻ തുടങ്ങി. ഇത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഒരു തന്ത്രമാണ്,’ അദ്ദേഹം വിമർശിച്ചു.

അതേസമയം മൂർഷിദാബാദിലും സമീപ ജില്ലകളിലുമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 150 ലേറെ പേർ അറസ്‌റ്റിലായിട്ടുണ്ട്. അക്രമസംഭവങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Content Highlight: BJP and Sangh Parivar intensify communal polarization in Bengal under the guise of protests against the Waqf Amendment Act

Latest Stories

Video Stories