വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുണ്ടെങ്കില്‍ അത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്; ജമ്മുകശ്മീരില്‍ ഇസ്‌ലാമികത കടത്തിവിടുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ഫാറൂഖ് അബ്ദുള്ള
national news
വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുണ്ടെങ്കില്‍ അത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്; ജമ്മുകശ്മീരില്‍ ഇസ്‌ലാമികത കടത്തിവിടുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ഫാറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 7:21 pm

ശ്രീനഗര്‍: ആരെങ്കിലും വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുണ്ടെങ്കില്‍ അത് ബി.ജെ.പിയും ആര്‍.എസ്.എസ്സുമാണെന്ന് നാഷണ്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള.

ജമ്മുകശ്മീര്‍ രാഷ്ട്രീയത്തിലേക്ക് അപകടകരമായ രീതിയില്‍ ഇസ്‌ലാമികത കടത്തിവിടുന്നുവെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ ആരോപണത്തിന് മറുപടിയായാണ് അബ്ദുള്ള ഇക്കാര്യം പറഞ്ഞത്.

ആരെങ്കിലും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍, അത് ബി.ജെ.പിയും ആര്‍.എസ്.എസും ആണ്. ഞങ്ങള്‍ ഒരിക്കലും ഇത് ചെയ്തിട്ടില്ല, അവരാണ് അത് കളിക്കുന്നത് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

നാഷണ്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ഒരിക്കലും മതം കൊണ്ട് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് പാര്‍ട്ടിയുടെ ചരിത്രം നോക്കിയാല്‍ മനസ്സിലാകുമെന്നും പറഞ്ഞു.

കശ്മീരിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകളും തമ്മിലുള്ള ഐക്യമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

” എന്‍.സി.പി മതംകൊണ്ട് രാഷ്ട്രീയം കളിച്ചിട്ടില്ല. അതാണ് ഞങ്ങളുടെ ചരിത്രം.
ഷേര്‍-ഇ-കശ്മീരിന്റെ ലക്ഷ്യമെന്തായിരുന്നു(ഷെ്ഖ് അബ്ദുള്ള)? അത് ഹിന്ദു-മുസ്‌ലിം-സിഖ് ഇതേഹാദ് ആയിരുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകളും തമ്മിലുള്ള ഐക്യം,” ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

1938 ല്‍ ജമ്മു കശ്മീര്‍ മുസ്‌ലിം സമ്മേളനത്തിന്റെ പേര് ദേശീയ സമ്മേളനത്തിലേക്ക് മാറ്റുന്നതില്‍ ഷെയ്ഖ് നിര്‍ണായക പങ്കുവഹിച്ചതിന്റെ കാരണം, എല്ലാ മതങ്ങളില്‍ നിന്നുള്ളവരും നാട്ടുരാജ്യത്തിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നത് കൊണ്ടായിരുന്നെന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

BJP and RSS playing communal politics: Farooq Abdullah