| Saturday, 11th May 2024, 10:36 pm

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം; ഒരുമിച്ച് മത്സരിക്കുമെന്ന് യെദ്യൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.എസും ഒരുമിച്ച് മത്സരിക്കും. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്യൂരപ്പയാണ് തീരുമാനം അറിയിച്ചത്.

ജെ.ഡി.എസ് നേതാവും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിന് സഖ്യവുമായി ബന്ധമില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. പ്രജ്വലിനെതിരെയുള്ള കേസ് ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ ബാധിക്കില്ലെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്നും യെദ്യൂരപ്പ അറിയിച്ചു. ജൂണ്‍ മൂന്നിനാണ് വോട്ടെടുപ്പ്. ജെ.ഡി.എസ് രണ്ട് സീറ്റിലും ബി.ജെ.പി നാല് സീറ്റിലുമാണ് മത്സരിക്കുക.

പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യത്തില്‍ ബി.ജെ.പി ഉറച്ചുനില്‍ക്കുന്നതായും യെദ്യൂരപ്പ പറഞ്ഞു.

2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. സംഭവത്തില്‍ ദേശീയ വനിത കമ്മീഷനും ഇടപെടല്‍ നടത്തിയിരുന്നു. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് കമ്മീഷന്‍ കത്തയച്ചിരുന്നു.

തുടര്‍ന്ന് പ്രജ്വല്‍ രേവണ്ണയെ ജെ.ഡി.എസ് പുറത്താക്കിയിരുന്നു. പ്രജ്വല്‍ രേവണ്ണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് നേരത്തെ തന്നെ ഒരു ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു. പ്രജ്വലിന്റെ അശ്ലീല വീഡിയോകള്‍ തുറന്നുകാട്ടി അദ്ദേഹം പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റ് പ്രസിഡന്റിന് കത്തെഴുതിയിട്ടും ബി.ജെ.പി ജെ.ഡി.എസുമായി സഖ്യം പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പുറത്തുവിട്ടതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

Content Highlight: BJP and JD(S) will contest together in the upcoming Assembly Council elections in Karnataka

We use cookies to give you the best possible experience. Learn more