സാനിട്ടറി നാപ്കിനില്‍ ഹിന്ദു ദേവിയുടെ ചിത്രം; തൃക്കാക്കര എഞ്ചിനീയറിംഗ് കോളേജ് മാഗസീനെതിരെ ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും
Kerala
സാനിട്ടറി നാപ്കിനില്‍ ഹിന്ദു ദേവിയുടെ ചിത്രം; തൃക്കാക്കര എഞ്ചിനീയറിംഗ് കോളേജ് മാഗസീനെതിരെ ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 12:27 pm

 

തൃക്കാക്കര: ഹിന്ദുദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് തൃക്കാക്കര ഗവണ്‍മെന്റ് എഞ്ചീനീയറിംഗ് കോളേജിന്റെ മാഗസീനിനു നേരേ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. കോളേജില്‍ നിന്നും പുറത്തിറക്കിയ “നഗ്നതയ്ക്ക് ഭ്രഷ്ട് കല്‍പ്പിച്ചവര്‍” എന്ന മാഗസീനാണ് ഭീഷണി കാരണം പിന്‍വലിച്ചത്.

മാഗസീനിന്റെ ഉള്ളടക്കത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ന്ന് മാഗസീനെതിരെ പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാഗസീന്‍ പിന്‍വലിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായത്.

പരാതിയെ തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്ന് മാഗസീന്‍ നീക്കം ചെയ്യുകയും വിതരണം ചെയ്ത മാഗസീനുകള്‍ തിരികെ നല്‍കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയും ചെയ്തതായി കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ:‘രാമജന്മഭൂമി തിരിച്ചുകിട്ടാന്‍ എല്ലാ ഹിന്ദുക്കളും വോട്ട് ചെയ്യണം’; വര്‍ഗ്ഗീയ സന്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥ


മാഗസീനിലെ എല്ലാ ലേഖനങ്ങളും ഹിന്ദുവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ത്തവകാലത്ത് ഹിന്ദു ദേവിമാര്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്തു പോകണമെന്ന് ചില ലേഖനങ്ങളില്‍ പറയുന്നു. അതുകൂടാതെ സാനിട്ടറി നാപ്കിനില്‍ ദേവിയുടെ ചിത്രം വരച്ചുവെച്ചും തങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിക്കുന്നുവെന്നാണ് ഹിന്ദു ഐക്യവേദി പ്രധാന ആരോപണം.

ഹിന്ദു വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി തങ്ങളുടെ മതത്തെയും ദൈവങ്ങളെയും അപമാനിക്കാനുള്ള ശ്രമമാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ളതെന്നും മാഗസീന്‍ റദ്ദാക്കിയില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നുമാണ് ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ പറയുന്നത്.