ബി.ജെ.പിയും ആം ആദ്മി പാർട്ടിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു: വിനേഷ് ഫോഗട്ട്
national news
ബി.ജെ.പിയും ആം ആദ്മി പാർട്ടിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു: വിനേഷ് ഫോഗട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 17, 03:21 pm
Friday, 17th January 2025, 8:51 pm

ന്യൂദൽഹി: ബി.ജെ.പിയും ആം ആദ്മി പാർട്ടിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവും ഹരിയാന എം.എൽ.എയുമായ വിനേഷ് ഫോഗട്ട്.

രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി മാത്രമാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതെന്നും ജാട്ട് ഒ.ബി.സി സംവരണം തലസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് മുൻ ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആണെന്നും വിനേഷ് ഫോഗട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘കോൺഗ്രസ് എല്ലായ്‌പ്പോഴും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒപ്പം നിന്നു. ബി.ജെ.പി മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾ കൊണ്ടുവന്നപ്പോൾ അരവിന്ദ് കെജ്‌രിവാളാണ് അതിന് ആദ്യം അനുമതി നൽകിയത്. അവർ കർഷകർക്കും ജാട്ടുകൾക്കും ദളിതർക്കും എതിരാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രം മുഴുകുന്നു,’ വിനേഷ് ഫോഗട്ട് പറഞ്ഞു.

ഹരിയാനയിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ട് മൂന്ന് മാസമായി പക്ഷെ വാഗ്ദാനം ഇതുവരെയും നാടന്നിട്ടില്ല .

ആം ആദ്മി പാർട്ടി എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും വിനേഷ് ഫോഗട്ട് പറഞ്ഞു. എന്നാൽ പഞ്ചാബിൽ പാർട്ടി അധികാരത്തിൽ വന്ന് മൂന്ന് വർഷമായിട്ടും വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മറുവശത്ത്, കോൺഗ്രസാകട്ടെ, എല്ലാ സംസ്ഥാനങ്ങളിലും നൽകിയ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റിയിട്ടുണ്ട്, ദൽഹിക്കാർക്ക് വികസനം വേണമെങ്കിൽ, അവരുടെ വാഗ്‌ദാനങ്ങൾ പാലിക്കുന്ന പാർട്ടിയിൽ അവർ വീണ്ടും വിശ്വാസം അർപ്പിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ദൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും, ഫെബ്രുവരി എട്ടിന് വോട്ടെണ്ണും.

Content Highlight: BJP and AAP on Friday of indulging in “vote bank” politics