| Sunday, 15th July 2018, 11:37 pm

'വികസനം വരാത്തതിന് പ്രതിപക്ഷത്തെ പഴിക്കേണ്ട, ബി.ജെ.പിക്കും പങ്കുണ്ട്.': മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാജ്യത്ത് വികസനം നടപ്പിലാവാത്തതിന്റെ കാരണം പ്രതിപക്ഷമാണെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. പദ്ധതികള്‍ വൈകിപ്പിക്കുന്നതില്‍ ബി.ജെ.പിയും പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നായിരുന്നു മായാവതിയുടെ പ്രസ്താവന.

ബി.ജെ.പി ഇതര പാര്‍ട്ടികള്‍ നയിച്ച മുന്‍ സര്‍ക്കാരുകള്‍ കാരണമാണ് ജനനന്മയ്ക്കായുള്ള പല പദ്ധതികളും നടപ്പിലാകുന്നതില്‍ കാലതാമസം നേരിട്ടതെന്ന മോദിയുടെ ആരോപണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു മായാവതിയുടെ പ്രതികരണം. തുല്യമായ പങ്ക് ബി.ജെ.പിയും വഹിച്ചിട്ടുണ്ടെന്നത് അംഗീകരിക്കാന്‍ പ്രധാനമന്ത്രി മടിക്കുന്നതെന്താണെന്ന് അവര്‍ ചോദിച്ചു.

“ഉത്തര്‍പ്രദേശിലും രാജ്യത്തുടനീളവും പല പദ്ധതികളും ഇത്തരത്തില്‍ പാതി വഴിക്കു നിന്നു പോകാനും അനിശ്ചിതമായി നീണ്ടുപോകാനും ബി.ജെ.പി കാരണക്കാരായിട്ടുണ്ട്. അദ്ദേഹം അത് അംഗീകരിക്കാത്തതെന്താണ്?” മായാവതി ചോദിക്കുന്നു.


Also Read: മോദിയല്ലേ ചീഫ്… പിന്നെങ്ങനെ ആ ഫാക്ടറി പൂട്ടും; രക്ഷാധികാരിയായി മോദി തുടരുന്നിടത്തോളം കാലം വ്യാജവാര്‍ത്തകള്‍ തുടരുമെന്ന് പ്രിയങ്ക ചതുര്‍വേദി


ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളും തലാഖ് പോലുള്ള വിഷയങ്ങളും ജാതിരാഷ്ട്രീയവും കൈകാര്യം ചെയ്യുന്ന രീതി കണ്ടാല്‍ ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും നിരാശ മനസ്സിലാകും. ഇക്കാരണത്താല്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ സാധ്യതയുണ്ടെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

“കശ്മീരില്‍ മെഹബൂബ മുഫ്തി സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ട് ഇതിനോടകം തന്നെ അതിന് ബി.ജെ.പി കളമൊരുക്കിയിരിക്കുകയാണ്.” മായാവതി പറയുന്നു. മിര്‍സാപൂരില്‍ മോദി നടത്തിയ പ്രസംഗങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും ബി.എസ്.പി അധ്യക്ഷ ചൂണ്ടിക്കാട്ടുന്നു.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതിരുന്നതിന്റെ നിരാശയിലാണ് ബി.ജെ.പി നേതൃത്വമെന്നും മായാവതി പറഞ്ഞു.

We use cookies to give you the best possible experience. Learn more