| Tuesday, 3rd April 2018, 8:10 pm

കര്‍ണാടകയില്‍ ബി.ജെ.പിക്ക് എതിരെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന. കേന്ദ്രത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ശിവസേന. അറുപതോളം സീറ്റുകളില്‍ കര്‍ണാടകയില്‍ മത്സരിക്കുമെന്നും ബി.ജെ.പിയുടെ പരാജയമാണ് ലക്ഷ്യമെന്നും പാര്‍ട്ടി എം.പി സഞ്ജയ് റാവത്ത് മുംബൈയില്‍ പറഞ്ഞു.

ഇതിന് മുന്‍പ്, ഗോവയിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ബി.ജെ.പിക്കെതിരെ ശിവസേന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.


Read Also: ഹാഫിസ് സയീദിന്റെ പാര്‍ട്ടിയെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു


“പാര്‍ട്ടി സ്വതന്ത്രമായി തെരഞ്ഞെടുപ്പുകളെ നേരിടുമെന്ന് മുന്‍പേ പ്രഖ്യാപിച്ചതാണ്. അതിന്റെ ഭാഗമായി ഇത്തവണ കര്‍ണാടകയിലും ഒറ്റയ്ക്ക് മത്സരിക്കും. 50-60 സീറ്റുകളില്‍ മത്സരിക്കും. പക്ഷേ ഇപ്പോഴും മഹാരാഷ്ട്രാ ഏകീകരണ്‍ സമിതിയെ പിന്തുണയ്ക്കും”- സഞ്ചയ് റാവത്ത് പറഞ്ഞു.

ബെല്‍ഗാം, കാര്‍വാര്‍ പ്രദേശങ്ങള്‍ മഹാരാഷ്ട്രക്ക് വിട്ട് നല്‍കണമെന്ന് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഈ പ്രദേശത്തുള്ള എണ്ണൂറോളം ഗ്രാമങ്ങള്‍ മറാത്തി സംസാരിക്കുന്നവരാണെന്നാണ് മഹാരാഷ്ട്രയുടെ വാദം.


Read Also: ഭഗല്‍പൂര്‍ വര്‍ഗീയ സംഘര്‍ഷം; കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ കോടതി തള്ളി


മഹാരാഷ്ട്ര അതിര്‍ത്തിയോട് അടുത്ത് നില്‍ക്കുന്ന ഈ കര്‍ണാടക മണ്ഡലങ്ങളിലായിരിക്കും ശിവസേന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. മേഖലയില്‍ ശക്തമായ സ്വാധീനമുള്ള മഹാരാഷ്ട്ര ഏകീകരണ്‍ സമിതിയുടെ പിന്തുണയും തേടിയേക്കും. ശിവസേന സ്വന്തം സ്ഥാനാര്‍ത്ഥികളെ ഇറക്കുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാവും. കര്‍ണാടകയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more