| Sunday, 6th December 2020, 10:14 pm

ഭാരത് ബന്ദിന് പിന്തുണ, ഡിസംബര്‍ ഒമ്പതിന് മുന്‍പ് നിയമം പിന്‍വലിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിടും; മുന്നറിയിപ്പുമായി ബി.ജെ.പി സഖ്യകക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകര്‍ ഡിസംബര്‍ എട്ടിന് പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി എന്‍.ഡി.എയിലെ ബി.ജെ.പിയുടെ സഖ്യകക്ഷി ആര്‍.എല്‍.പി. ഡിസംബര്‍ ഒമ്പതിന് ശേഷവും കര്‍ഷകരുടെ സമരത്തില്‍ അനുകൂല തീരുമാനമുണ്ടായെങ്കില്‍ മുന്നണി വിടുമെന്ന് ആര്‍.എല്‍.പി നേതാവ് ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു.

‘ഞങ്ങള്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ആരുടെ കൂടെയാണ് പാര്‍ട്ടിയെന്ന് പ്രഖ്യാപിച്ചതാണ്. കര്‍ഷകര്‍ ഈ നിയമം പിന്‍വലിക്കാനാണ് ആവശ്യപ്പെടുന്നത്’, ബെനിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രിയ്ക്ക് കര്‍ഷകരെ സഹായിക്കണമെങ്കില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും ബെനിവാള്‍ പറഞ്ഞു.

കാര്‍ഷിക നിയമം കരിനിയമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ എട്ടിന് പാര്‍ട്ടി യോഗം ചേരുമെന്നും അതിന് ശേഷം എന്‍.ഡി.എയില്‍ തുടരണമോയെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

ദല്‍ഹി അതിര്‍ത്തികളില്‍ പത്ത് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP-ally RLP supports Bharat Bandh call, threatens to exit coalition

We use cookies to give you the best possible experience. Learn more