| Saturday, 26th December 2020, 6:07 pm

കര്‍ഷകപ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് എന്‍.ഡി.എ; ആര്‍.എല്‍.പിയും മുന്നണി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിടുന്നതായി ലോക് താന്ത്രിക് എം.പി ഹനുമാന്‍ ബെനിവാള്‍. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാജഹാന്‍പൂരില്‍ വെച്ച് നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

നേരത്തെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെച്ചൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മുമ്പും കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ബെനിവാള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കാര്‍ഷിക ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ താനില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കില്‍ ബില്‍ കീറിയെറിഞ്ഞേനേയെന്നും ബെനിവാള്‍ പറഞ്ഞിരുന്നു.

അതേസമയം കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് മുന്‍ ലോക്സഭാ എം.പിയും ബി.ജെ.പി നേതാവുമായ ഹരീന്ദര്‍ സിംഗ് ഖല്‍സയും പാര്‍ട്ടി വിട്ടിരിക്കുകയാണ്. ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഖല്‍സ പാര്‍ട്ടി വിട്ടത്.

പഞ്ചാബിലെ ഫതേഗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഖല്‍സ 2019 മാര്‍ച്ചിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

എന്‍.ഡി.എയുടെ ഭാഗമായിരുന്ന ശിരോമണി അകാലി ദളിലൂടെയായിരുന്നു ഖല്‍സയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഖല്‍സ 2014ല്‍ എം.പിയായി. 2015ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷനിലായത്.

നേരത്തെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളും എന്‍.ഡി.എ വിട്ടിരുന്നു. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലാണ് തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെ ഹര്‍സിമത്ര് കൗര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

അതേസമയം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

11 മണിയ്ക്ക് ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാന ചര്‍ച്ച നടത്തിയിരുന്നത്.

നേരത്തെ ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പറഞ്ഞിരുന്നു.

ചര്‍ച്ചയ്ക്കുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ക്ഷണം കര്‍ഷക സംഘടനകള്‍ നേരത്തെ തള്ളിയിരുന്നു. പുതിയ അജണ്ട തയ്യാറാക്കാതെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

ദല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഒരു മാസമാകുകയാണ്. വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: RLP Quits NDA

We use cookies to give you the best possible experience. Learn more