കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് കല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. രഥയാത്ര സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കുമെന്ന മമതാ ബാനര്‍ജി സര്‍ക്കാറിന്റെ വാദം കോടതി തള്ളി.
ക്രമസമാധാന പ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്താന്‍ മമതാ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. രഥയാത്രയ്ക്ക് നേരത്തെ കോടതി അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ ബി.ജെ.പി നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
കോടതി തീരുമാനത്തിനു പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തുവന്നു. ഏതെങ്കിലും ബി.ജെ.പി, എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ഏതെങ്കിലും പരിപാടിയെ തടഞ്ഞിരുന്നെങ്കില്‍ അതിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നു വിളിക്കും. ഇപ്പോഴെന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും ജെയ്റ്റ്‌ലി ചോദിച്ചു.
അതേസമയം, കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനാണ് ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം. വെള്ളിയാഴ്ച കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രഥയാത്ര നടത്താനുദ്ദേശിക്കുന്ന മേഖലകള്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള മേഖലകളാണെന്നാണ് യാത്രയെ എതിര്‍ത്തുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞത്. മതപരമായ മാനങ്ങളുള്ളതിനാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
കുച്ച് ബിഹാറില്‍ നിന്ന് ഡിസംബര്‍ 22നും സാഗര്‍ ഐലന്റില്‍ നിന്ന് 24നും താരാപീഠില്‍ നിന്ന് 26നുമാണ് ബി.ജെ.പിയുടെ ബംഗാളിലെ രഥയാത്രകള്‍ തുടങ്ങുക.