ക്രോസ് വോട്ട് ചെയ്ത് കോൺഗ്രസ്; ഇന്ത്യാ മുന്നണിക്ക് തിരിച്ചടി; മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം
national news
ക്രോസ് വോട്ട് ചെയ്ത് കോൺഗ്രസ്; ഇന്ത്യാ മുന്നണിക്ക് തിരിച്ചടി; മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 11:56 am

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്ക് (എം.വി.എ) തിരിച്ചടി. ഭരണപക്ഷമായ മഹായൂതി മത്സരിച്ച ഒൻപത് സീറ്റുകളിലും വിജയിച്ചു.

മൂന്ന് സീറ്റിൽ മത്സരിച്ച എം.വി.എക്ക് രണ്ടു സീറ്റുകളിലെ വിജയിക്കാനായുള്ളു. ഏഴ് കോൺഗ്രസ് എം.എൽ.എമാരുടെ ക്രോസ് വോട്ടിങ്ങാണ് എം.വി.എക്ക് തിരിച്ചടിയായത്.

ക്രോസ് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കർശനമായ അച്ചടക്ക നടപടിയെടുക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്

ശരദ് പവാറിൻ്റെയും എൻ.സി.പിയുടെയും (എസ്‌.പി) പിന്തുണയുള്ള മഹാരാഷ്ട്രയിലെ പെസൻ്റ്‌സ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയുടെ മുതിർന്ന നേതാവ് ജയന്ത് പാട്ടീൽ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.12 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ബി.ജെ.പിയുടെ പങ്കജ മുണ്ടെക്ക് 26 വോട്ടും പരിണയ് ഫുകെക്ക് 26 വോട്ടും യോഗേഷ് തിലേക്കറിന് 26 വോട്ടും അമിത് ഗോർഖെക്ക് 26 വോട്ടും ലഭിച്ചു. അഞ്ചാമത്തെ ബി.ജെ.പി സ്ഥാനാർഥി സദാഭൗ ഖോട്ട് 23 വോട്ടുകൾ നേടി രണ്ടാം മുൻഗണന വോട്ടിന് വിജയിച്ചു.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാർത്ഥി ഭാവന ഗവാലിക്ക് 24 വോട്ടും കൃപാൽ തുമാനെയ്ക്ക് 25 വോട്ടും ലഭിച്ചു. എൻ.സി.പി യുടെ ശിവാജിറാവു ഗാർജെക്ക് 24 വോട്ടും രാജേഷ് വിതേകറിന് 23 വോട്ടും വിജയിച്ചു.

Content Highlight: BJP, Allies Sweep Maharashtra Legislative Council Poll, Win 9 Of 11 Seats