ലക്‌നൗ: യു.പിയില്‍ ബി.ജെ.പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സഖ്യകക്ഷികളുടെ കൂട്ട ഒഴിഞ്ഞു പോക്ക്. ബി.ജെ.പി ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ ബി.ജെ.പി ഗൗനിക്കുന്നില്ലെന്നും ബി.ജെ.പി സഖ്യകക്ഷി സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും മന്ത്രിയുമായ ഒ.പി രാജ്ഭര്‍ കുറ്റപ്പെടുത്തി. എസ്.പി-ബി.എസ്.പി സഖ്യത്തോടൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നേരിടാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും രാജ്ഭര്‍ പറഞ്ഞു.
“എസ്.പി-ബി.എസ്.പിയുമായോ മറ്റേതെങ്കിലും പാര്‍ട്ടിയുമായോ ഞങ്ങള്‍ സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത തുറന്നു കിടക്കുകയാണ്”- രാജ്ഭര്‍ പറഞ്ഞു.
സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന്റെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച രാജ്ഭര്‍ കഴിഞ്ഞ ആഴ്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ താന്‍ തൃപ്തനല്ല എന്നായിരുന്നു രാജ്ഭറിന്റെ പ്രതികരണം.
സഖ്യകക്ഷികളോടുള്ള ബി.ജെ.പിയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് യു.പിയിലെ മറ്റൊരു ബി.ജെ.പി സഖ്യകക്ഷിയായ അപ്‌ന ദള്‍ ഇന്നലെ കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പിയില്‍ നിന്നും പുറത്തു പോവുകയാണെന്നുള്ള രാജ്ഭറിന്റെ പ്രസ്താവന.
തങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനം ശരിയല്ലെന്നും, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസാന അവസരം എന്ന നിലയ്ക്ക് ബി.ജെ.പി നേതാക്കള്‍ക്ക് ഫെബ്രുവരി 20 വരെ സമയം നല്‍കിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു അപ്‌നാ ദളിന്റെ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയത്.
നേതൃത്വത്തിന് അനുവദിച്ച കാലാവധി അവസാനിച്ചയുടന്‍ പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുമായി അപ്നാ ദള്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും സഖ്യം അവസാനിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ബി.ജെ.പി അപ്നാ ദളിനെ സമീപിച്ചിരുന്നു.
എസ്.പി-ബി.എസ്.പി സഖ്യവും സംസ്ഥാനത്തെ ശക്തമായ ഭരണവിരുദ്ധ വികാരവും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നിരിക്കെ സഖ്യത്തിനുള്ളിലെ പുതിയ വികാസങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.