| Sunday, 4th March 2018, 3:29 pm

മേഘാലയയില്‍ കോണ്‍ഗ്രസിനു തിരിച്ചടി; സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി സഖ്യവും അവകാശവാദം ഉന്നയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: ത്രിപുരയ്ക്കും നാഗാലാന്‍ഡിനും പിന്നാലെ മേഘാലയയിലും ബി.ജെ.പി സഖ്യം ഭരണം പിടിച്ചെടുക്കുമെന്ന് സൂചന. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ബി.ജെ.പി സഖ്യം ഗവര്‍ണറെ അറിയിച്ചു. കോണ്‍ഗ്രസ് ഇന്നലെ രാത്രി തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നു.

യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മേഘാലയയിലെ ചിത്രം മാറിമറിഞ്ഞത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് 19 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് 6 സീറ്റുകളാണ് ഉള്ളത്.

ഇവര്‍ക്കൊപ്പം ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും ചേരുമ്പോള്‍ സഖ്യത്തില്‍ 27 അംഗങ്ങള്‍ ഉണ്ടാകും. കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളാണ് വേണ്ടത്. ഒരു സ്വതന്ത്ര എം.എല്‍.എയും സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

21 അംഗങ്ങളുള്ള കോണ്‍ഗ്രസിന് ഇനി സര്‍ക്കാര്‍ രൂപീകരിക്കുക ബുദ്ധിമുട്ടാകും. അഹമ്മദ് പട്ടേലും കമല്‍നാഥും ഇന്നലെ തന്നെ ഷില്ലോങ്ങിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അതിനെ കടത്തിവെട്ടിയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം.

ബി.ജെ.പി സഖ്യമാണ് മേഘാലയയില്‍ ഭരിക്കുകയെങ്കില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ കൊണ്‍രാഡ് സാങ്മയാകും മുഖ്യമന്ത്രിയാകുക. മറ്റുകക്ഷികളുടെ സഹായത്തോടെ തങ്ങള്‍ മേഘാലയ ഭരിക്കുമെന്ന് സാങ്മ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more