ലഖ്‌നൗ: അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാഴ്ത്താനൊരുങ്ങി സഖ്യകക്ഷികള്‍. മന്ത്രിസഭയിലും ക്യാബിനെറ്റിലും കൂടുതല്‍ സീറ്റുകളാവശ്യപ്പെടാനാണ് സഖ്യകക്ഷികളായ അപ്‌നാ ദള്‍ (എസ്) നിഷാദ് പാര്‍ട്ടി എന്നിവര്‍ ഒരുങ്ങുന്നത്.
ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയായ പൂര്‍വാഞ്ചലില്‍ മികച്ച പ്രകടനമാണ് ഇരുപാര്‍ട്ടികളും കാഴ്ചവെച്ചിരിക്കുന്നത്. തങ്ങളുടെ അതാത് വിഭാഗത്തിലെ വോട്ടുകള്‍ എന്‍.ഡി.എയിലേക്ക് കേന്ദ്രീകരിച്ചതോടെയാണ് ഇരുപാര്‍ട്ടികളും തങ്ങളുടെ ‘വിഹിതം’ ആവശ്യപ്പെടാനൊരുങ്ങുന്നത്.
17 സീറ്റില്‍ മത്സരിച്ച അപ്‌നാ ദള്‍ 12 സീറ്റിലായിരുന്നു വിജയിച്ചത്. 18 സീറ്റില്‍ മത്സരിച്ച നിഷാദ് പാര്‍ട്ടി 11ലും വിജയിച്ചിരുന്നു. കിഴക്കന്‍ മേഖലയില്‍ അഖിലേഷിന്റെ എസ്.പിക്ക് ക്ഷീണമുണ്ടാക്കാന്‍ കാരണമായത് ബി.ജെ.പിയുടെ ഈ സഖ്യകക്ഷികള്‍ കാരണമാണ്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തിയതിന് പിന്നില്‍ തങ്ങളുമുണ്ടെന്ന വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുപാര്‍ട്ടികളും തങ്ങളുടെ വിഹിതം ചോദിച്ചുവാങ്ങാനൊരുങ്ങുന്നത്.
ക്യബിനെറ്റ് മന്ത്രിസ്ഥാനമടക്കം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് നിഷാദ് പാര്‍ട്ടി ബി.ജെ.പിയോടാവശ്യപ്പെട്ടിരിക്കുന്നത്.
‘പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍, അധികാരം നിലനിര്‍ത്താനുള്ള ഞങ്ങളുടെ സംഭാവനയെ ബി.ജെ.പി നേതൃത്വം മാനിക്കുമെന്നും, അതിനനുസരിച്ച് സ്ഥാനങ്ങള്‍ തരുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് പറയുന്നു.
അതുപോലെ തന്നെ രണ്ട് ക്യാബിനെറ്റ് മന്ത്രിസ്ഥാനമാണ് അപ്‌നാ ദള്‍ ആവശ്യപ്പെട്ടതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ലഖ്‌നൗവില്‍ പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പൂര്‍വാഞ്ചല്‍ മേഖലയില്‍ ഇവരുടെ സഹായം പാര്‍ട്ടിക്ക് അത്യാവശ്യമായതിനാല്‍ അറുത്ത് മുറിച്ച് ഒന്നും തന്നെ പറയാന്‍ പറ്റാത്ത അവസ്ഥായിലാണ് ബി.ജെ.പി നേതൃത്വം.
സഖ്യകക്ഷികളുടെ ആവശ്യങ്ങളോട് ബി.ജെ.പി നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.
അടുത്ത ആഴ്ചയാണ് ഉത്തര്‍പ്രദേശില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ഇതിനിടെയാണ് സഖ്യക്ഷികളില്‍ നിന്നും ഇത്തരമൊരാവശ്യം ഉണ്ടായിരിക്കുന്നതെന്നതും ബി.ജെ.പിയെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്.