ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പി സഖ്യം ഗുണകരമല്ല; എന്‍.പി.പിക്ക് ബി.ജെ.പി അജണ്ടയുള്ളത് കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തി: ജോണി നെല്ലൂര്‍
Kerala News
ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പി സഖ്യം ഗുണകരമല്ല; എന്‍.പി.പിക്ക് ബി.ജെ.പി അജണ്ടയുള്ളത് കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തി: ജോണി നെല്ലൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th August 2023, 8:52 am

കോഴിക്കോട്: നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.പി.പി)യില്‍ ചിലര്‍ക്ക് ബി.ജെ.പി അജണ്ടയുണ്ടെന്ന് മനസിലായതോടെയാണ് പാര്‍ട്ടി വിട്ടതെന്ന് തുറന്ന് പറഞ്ഞ് മുന്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയര്‍മാനും എന്‍.പി.പി വര്‍ക്കിങ് പ്രസിഡന്റുമായ ജോണി നെല്ലൂര്‍. മതേതര ബോധ്യമില്ലാത്ത ഒരു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം മാധ്യമം പത്രത്തില്‍ ഫൈസല്‍ കുറ്റിയാനിക്കലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും ബി.ജെ.പി സഖ്യം ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പുതിയ പാര്‍ട്ടിയിലും ചിലര്‍ക്ക് ബി.ജെ.പി അജണ്ടയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഞാന്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. മതേതര ബോധ്യമില്ലാത്ത ഒരു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടെന്നാണ് എന്റെ നിലപാട്. രണ്ട് മുന്നണിയില്‍ പോയാലും വര്‍ഗീയ നിലപാടുള്ളവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഭൂഷണമല്ലെന്ന് മനസിലാക്കിയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്,’ ജോണി പറഞ്ഞു.

ക്രൈസ്തവ സഭകള്‍ ബി.ജെ.പി അനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നും റബര്‍ വിലയിടിവ്, ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ക്രൈസ്തവ സഭകള്‍ ഒരിക്കലും ബി.ജെ.പി അനുകൂല നിലപാട് എടുത്തിട്ടില്ല. റബര്‍ വിലയിടിവ്, വന്യമൃഗശല്യം, ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ചില ചര്‍ച്ചകള്‍ നടത്തിയെന്ന് മാത്രം. അത് കര്‍ഷക താല്‍പര്യമനുസരിച്ചായിരുന്നു.

അല്ലാതെ സഖ്യമായിരുന്നില്ല ലക്ഷ്യം. ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും ബി.ജെ.പി സഖ്യം ഗുണകരമല്ല. അവര്‍ ഒരിക്കലും അവരുടെ ഫാസിസ്റ്റ് നിലപാട് മാറ്റില്ല. കൂടെയുള്ള വര്‍ഗീയ വാദികളെ നിയന്ത്രിക്കാനും അവര്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ബി.ജെ.പിയെയും സംഘ്പരിവാറിനെയും ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്. മണിപ്പൂരില്‍ നടക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ,’ അദ്ദേഹം പറഞ്ഞു.

അതേസമയം വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതോടെ നേരിട്ട അവഗണനയാണ് താന്‍ യു.ഡി.എഫ് വിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സെക്രട്ടറി എന്ന നിലയില്‍ വലിയ ചുമതല തനിക്കുണ്ടായിരുന്നെന്നും സതീശന്റെ വരവോട് കൂടി പരിപാടികള്‍ അറിയിക്കാത്ത സ്ഥിതിയുണ്ടായെന്നും ജോണി കൂട്ടിച്ചേര്‍ത്തു.

ജോസ് കെ.മാണി നയിക്കുന്ന കേരള കോണ്‍ഗ്രസല്ലാതെ മറ്റൊന്നും നിലനില്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന് പറഞ്ഞ ജോണി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ഒരു ജനാധിപത്യ-മതേതര ചേരിയോടൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.

ഏപ്രില്‍ 19ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട് ഏപ്രില്‍ 22ന് ജോണി നെല്ലൂര്‍ ബി.ജെ.പി പിന്തുണയുള്ള പുതിയ പാര്‍ട്ടിയായ എന്‍.പി.പി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ബി.ജെ.പിയോട് എതിര്‍പ്പോ സ്‌നേഹമോ ഇല്ലെന്നാണ് അന്ന് ജോണി പറഞ്ഞത്. കേരള കോണ്‍ഗ്രസ് ജേക്കബില്‍ നിന്നായിരുന്നു ഇദ്ദേഹം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെത്തിയത്. 2020ലായിരുന്നു ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് വിഭാഗത്തില്‍ ലയിച്ചത്.

1991-2006 കാലയളവില്‍ മൂവാറ്റുപുഴ എം.എല്‍.എയായിരുന്നു ജോണി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍, യു.ഡി.എഫ് സെക്രട്ടറി എന്ന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം https://rb.gy/9wtma

content highlights: BJP alliance not good for minorities; NPP stopped working because BJP had agenda: Johnny Nellore