national news
'ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സിദ്ധരാമയ്യ-കുമാരസ്വാമി സഖ്യം'; കര്‍ണാടകത്തിലെ പുതിയ നീക്കങ്ങളില്‍ ഭയന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 23, 12:39 pm
Saturday, 23rd November 2019, 6:09 pm

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമിയും സിദ്ധരാമയ്യയും കൈകോര്‍ത്തിരിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി. നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും യെദിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴില്ല എന്ന് പറഞ്ഞ കുമാരസ്വാമി ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സര്‍ക്കാരിന്റെ ഭാവിയെ തീരുമാനിക്കും എന്ന കുമാരസ്വാമിയുടെ പുതിയ നിലപാടിനെ ചൊല്ലിയാണ് ബി.ജെ.പിയുടെ ആശങ്ക.

കോണ്‍ഗ്രസില്‍ നിന്നും ജനതാദള്‍ എസില്‍ നിന്നും കൂറുമാറിയ എം.എല്‍.എമാരെ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമികമായ കാര്യം എന്ന് മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ പറഞ്ഞിരുന്നു. സമാനമായ അഭിപ്രായം തന്നെയാണ് കുമാരസ്വാമിയും മുന്നോട്ട് വെച്ചത്. ഈ പ്രസ്താവനകളെ മുന്‍നിര്‍ത്തിയാണ് ഇരുവരും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം ബി.ജെ.പി ഉന്നയിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിദ്ധരാമയ്യ പറയുന്നു തങ്ങള്‍ 12 നിയോജക മണ്ഡലങ്ങളിലാണ് പ്രധാനമായും ഗൗരവമായി മത്സരിക്കുന്നതെന്ന്. കുമാരസ്വാമി പറയുന്നു മൂന്നു മണ്ഡലങ്ങളിലാണ് തങ്ങള്‍ കേന്ദ്രീകരിക്കുന്നത്. ഇത് കാണിക്കുന്നത് ഇരുനേതാക്കളും തമ്മില്‍ ധാരണയുണ്ടെന്നാണ് എന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവും മന്ത്രിയുമായ ആര്‍. അശോക് പറഞ്ഞു.

കോണ്‍ഗ്രസും ജനതാദള്‍ എസും സഖ്യത്തിലാണെന്ന വാദത്തില്‍ കുമാരസ്വാമി വ്യക്ത വരുത്തിയിരുന്നു. കൂറുമാറിയവരെ തോല്‍പ്പിക്കണമെന്നതിന്റെ അര്‍ത്ഥം കോണ്‍ഗ്രസുമായി കൈകോര്‍ത്തിരിക്കുന്നു എന്നതല്ല. കൂറുമാറിയവരെ തോല്‍പ്പിക്കണം എന്നാല്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധമായും വിജയപ്പിക്കണം എന്നതല്ല. കൂറുമാറിയവര്‍ പരാജയപ്പെടണം എന്ന് മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ