വര്‍ഗീയതയും മത വിദ്വേഷവും പരത്തി വോട്ട് തേടി; വി.പി സാനുവിനെതിരെ ബി.ജെ.പിയുടെ പരാതി
Kerala
വര്‍ഗീയതയും മത വിദ്വേഷവും പരത്തി വോട്ട് തേടി; വി.പി സാനുവിനെതിരെ ബി.ജെ.പിയുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 1:10 pm

മലപ്പുറം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ബി.ജെ.പിയുടെ പരാതി. വര്‍ഗീയതയും മത വിദ്വേഷവും പരത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ വിതരണം ചെയ്തുവെന്നാണ് ആരോപണം.

പോസ്റ്ററുകള്‍ നിശബ്ദ പ്രചാരണ ദിവസം മുസ്‌ലിം വീടുകളില്‍ കൊടുത്തു എന്ന് ആരോപിച്ചാണ് പരാതി. ബി.ജെ.പി മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണനാണ് വരണാധികരി ആയ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

‘സാനു തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വോട്ട് തേടുന്നതിനായി മതത്തെ ദുരുപയോഗം ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പോസ്‌റ്റെറുകള്‍ പ്രചരിച്ചിരുന്നു. ബാലസംഘത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും പേരും ചിഹ്നവും നോട്ടീസില്‍ വച്ചിരുന്നു. നിശബ്ദ പ്രചരണ ദിവസമായ ഏപ്രില്‍ 23 ന് നോട്ടീസ് മുസ്‌ലിം വീടുകളില്‍ വ്യാപകമായി വിതരണം ചെയ്തു’ എന്നാണ് ബി.ജെ.പി പരാതിയില്‍ പറയുന്നത്.