കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഭരണകക്ഷിയായ സി.പി.ഐ.എമ്മിലെ പ്രമുഖന്‍മാരാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി. സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ലോബിക്ക് ഇതില്‍ പങ്കുണ്ടെന്നും രമേശ് ആരോപിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് എം.ടി രമേശിന്റെ പ്രതികരണം.
സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി.പി വിജീഷ് തലശ്ശേരി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ സ്വദേശിയും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ അയല്‍വാസിയുമാണ്. ഇയാള്‍ സി.പി.ഐ.എമ്മിന്റെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാളാണെന്നും രമേശ് ആരോപിക്കുന്നു.
ഇയാളുടെ സഹോദരന്‍ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗുഢാലോചനാ കേസില്‍പ്രതിയാണെന്നും രമേശ് പറയുന്നു. “ഇയാളുടെ സഹോദരന്‍ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസില്‍ പ്രതികൂടിയാണെന്ന് അറിയുമ്പോഴേ ഇയാള്‍ പാര്‍ട്ടിക്ക് എത്ര വേണ്ടപ്പെട്ടവനാണെന്ന് മനസ്സിലാകൂ.” രമേശ് പറയുന്നു.
“നാടു നീളെ വല വിരിച്ച് കാത്തിരിക്കുന്ന പൊലീസിന്റെ മൂക്കിന് കീഴെ എത്തി അഭിഭാഷകനെ കാണാനും സ്വര്‍ണ്ണം പണയം വെച്ച് പണം ശേഖരിക്കാനും ഇവര്‍ക്ക് കഴിഞ്ഞത് എങ്ങനെയെന്ന് തിരക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുണ്ടോ? ” എന്നും രമേശ് ചോദിക്കുന്നു.
ഗുണ്ടകളെ ഒതുക്കുമെന്ന പിണറായിയുടെ വാഗ്ദാനം നിറവേറ്റാനുമുള്ള ആദ്യ പരിശ്രമം തുടങ്ങേണ്ടത് സ്വന്തം ജില്ലയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമാണെന്നും പറഞ്ഞുകൊണ്ടാണ് രമേശ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സംഭവത്തിനു പിന്നില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.