വോട്ടിങ് മെഷീന്‍ അട്ടിമറിക്കാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി.ജെ.പി; 2010ല്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കാണിച്ചു: വീഡിയോ കാണാം
India
വോട്ടിങ് മെഷീന്‍ അട്ടിമറിക്കാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി.ജെ.പി; 2010ല്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കാണിച്ചു: വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2017, 10:51 am

ലക്‌നൗ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി.ജെ.പി. 2009ല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പംഅട്ടിമറി നടത്താനും ഹാക്ക് ചെയ്യാനും കഴിയുന്ന ഒന്നാണെന്നായിരുന്നു അന്ന് ബി.ജെ.പി ഉയര്‍ത്തിയ ആരോപണം. ആരോപണം ഉയര്‍ത്തുക മാത്രമല്ല ബി.ജെ.പി അത് തെളിയിച്ചു കാണിച്ചുതരികയും ചെയ്തിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാമെന്ന് ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദ് എന്ന ടെക്‌നീഷ്യനാണ് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്ത് കാണിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ യൂട്യൂബ് വീഡിയോ കാണാം.

ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ ശക്തമായി രംഗത്തുവന്നയാളാണ് ബി.ജെ.പി എം.പി കീര്‍ത്തീ സോമയ്യ. എന്നാലിപ്പോള്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ മായാവതിയും മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു പിന്നാലെ ശിവസേനയും ഇത്തരമൊരു ആരോപണവുമായി രംഗത്തുവരുമ്പോള്‍ കീര്‍ത്തി സോമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇ.വി.എമ്മിനുവേണ്ടി വാദിക്കുന്നതാണ് കാണാനാവുന്നത്.

2012ലെ മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എം അട്ടിമറി ആരോപണം ഉയര്‍ത്തിയ ആളാണ് സോമയ്യ.


Must Read: ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശത്തിനു പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെത്തിയ കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എയ്ക്ക് വന്‍ വരവേല്‍പ്പ്: ഉത്സവക്കഞ്ഞി കുടിച്ച് മടക്കം


“എല്ലാ പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഉന്നയിച്ച ആശങ്ക തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവമായി പരിശോധിക്കണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരീക്ഷണം ഇ.വി.എം അട്ടിമറിക്കാന്‍ കഴിയുമെന്നാണ്. പലയിടത്തും പ്രഖ്യാപിച്ച ഫലം അപ്രതീക്ഷിതമാണ്. മെഷീനുകളില്‍ ചില അട്ടിമറികള്‍ നടന്നിട്ടുണ്ടെന്നാണ് വോട്ടിങ് ട്രന്റ് കാണിക്കുന്നത്. വോട്ടിങ് മെഷീന്‍ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് എതിരാണ്.” 2012ലെ മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനു പിന്നാലെ മെയ് 4ന് കീര്‍ത്തി സോമയ്യ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ ഇപ്പോള്‍കീര്‍ത്തി സോമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ വേളയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കുവേണ്ടി നിലകൊള്ളുന്നതാണ് കാണുന്നത്. “ഉദ്ധവ് താക്കറെയും ശരത് പവാറും ആരോപണമുന്നയിക്കുന്നത് അവര്‍ക്ക് സ്ഥാപിത താല്‍പര്യങ്ങളുള്ളതുകൊണ്ടാണ്. വോട്ടിങ് മെഷീന്‍ അട്ടിമറിക്കപ്പെട്ടെന്ന് തോന്നുന്നെങ്കില്‍ അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെല്ലാം ആദ്യം രാജിവെക്കട്ടെ.” എന്നാണ് സോമയ്യ ഇപ്പോള്‍ പറയുന്നതെന്ന് ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസും സോമയ്യയും ചേര്‍ന്ന് 2010ല്‍ വോട്ടിങ് മെഷീനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നതായും ക്വിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യുന്നത് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തു കാണിച്ചുതന്നത്.

ഹരിപ്രസാദിനെ പിന്നീട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഗോഡൗണുകളില്‍ നിന്നും ഇ.വി.എം മോഷ്ടിച്ചു എന്ന ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നാണ് 2010 ആഗസ്റ്റ് 26ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തത്.


Also Read: മോദിയുടെയും അമിത് ഷായുടെയും ഭൂതകാലം നോക്കുമ്പോള്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന സംശയം ബലപ്പെടുന്നു: മുന്‍ ഹൈക്കോടതി ജഡ്ജി 


അടുത്തിടെ മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു പിന്നാലെയും ഇ.വി.എം അട്ടിമറി നടന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. വോട്ടെണ്ണിയപ്പോള്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി വിവിധയിടങ്ങളില്‍ ശിവസേനയുള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു.