ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യമായി. തമിഴ്‌നാട്ടില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി മത്സരിക്കും. പുതുച്ചേരിയില്‍ ഇരു പാര്‍ട്ടികളും ഒരുമച്ചു നില്‍ക്കും.
പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ)യുമായും എ.ഐ.എ.ഡി.എം.കെ സഖ്യധാരണയായി. ഏഴ് സീറ്റാണ് പി.എം.കെക്ക് നല്‍കിയത്. 39 ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. പുതുച്ചേരിയില്‍ ഒരു സീറ്റും.
കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇരുവിഭാഗവും സംയുക്തമായി സഖ്യപ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് ഒ.പനീര്‍ശെല്‍വത്തിന്റേയും എടപ്പാടി പളനിസ്വാമിയുടേയും നേതൃത്വത്തില്‍ പുതിയ സംഖ്യം തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേന്ദ്രത്തില്‍ നരേന്ദ്രമോദിയാകും നേതൃത്വം വഹിക്കുകയെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയെ പിന്തുണക്കുമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് പനീര്‍സെല്‍വം പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തുക ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അവസാനനിമിഷം അമിത് ഷാ യാത്ര റദ്ദാക്കുകയും പകരം കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ എത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ശിവസേനയുമായി ബി.ജെ.പി. സഖ്യം പ്രഖ്യാപിക്കുകയും സീറ്റ് ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി. പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്.