ബി.ജെ.പിയുടെ ലക്ഷ്യം 70ലധികം സീറ്റുകള്‍; കേരളത്തില്‍ അധികാരത്തിലെത്തുന്നത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമെന്ന് പി. കെ കൃഷ്ണദാസ്
Kerala News
ബി.ജെ.പിയുടെ ലക്ഷ്യം 70ലധികം സീറ്റുകള്‍; കേരളത്തില്‍ അധികാരത്തിലെത്തുന്നത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമെന്ന് പി. കെ കൃഷ്ണദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th January 2021, 7:25 pm

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ബി.ജെ.പി പത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’10 സീറ്റല്ല അതിലുമപ്പുറമാണ് ഞങ്ങളുടെ സങ്കല്‍പം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ 25,000ന് മുകളില്‍ വോട്ടുകള്‍ ലഭിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ 70 മണ്ഡലങ്ങളുണ്ട്. കേരളത്തില്‍ ആകമാനം വലിയ മാറ്റമുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ പി.കെ കൃഷ്ണദാസ് പറഞ്ഞു.

70ന് മുകളില്‍ സീറ്റുകള്‍ എന്നതുതന്നെയാണ് ലക്ഷ്യം. കേവലം കുറച്ചു സീറ്റുകളില്‍ വിജയിക്കുക എന്നതല്ല, ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പത്ത് സീറ്റുകളില്‍ കൂടുതല്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും വരുന്ന വിവരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി. കെ കൃഷ്ണദാസിന്റെ മറുപടി.

ബി.ജെ.പിയില്‍ മുരളീധര പക്ഷം കൃഷ്ണദാസ് പക്ഷം എന്നിങ്ങനെ വ്യത്യസ്ത പക്ഷങ്ങളില്ലെന്നും ബി.ജെ.പി പക്ഷം മാത്രമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് കുമ്മനം മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം സമുന്നതനായ നേതാവാണെന്നും മത്സരിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബി.ജെ.പിയുടെ നിയസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമര്‍പ്പിച്ചത്.

ഇതില്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റെ പേരും പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഒ. രാജഗോപാലിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അദ്ദേഹം മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, സി.കൃഷ്ണകുമാര്‍, സന്ദീപ് വാരിയര്‍ എന്നിവരെക്കൂടാതെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ബി.ജെ.പി പക്ഷത്തുള്ള മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായിരുന്ന ജേക്കബ് തോമസ്, ടി.പി.സെന്‍കുമാര്‍, സി.വി.ആനന്ദബോസ് എന്നിവരും പട്ടികയിലുണ്ട്.

തിരുവനന്തപുരം സെന്‍ട്രലില്‍ സിനിമാതാരം കൃഷ്ണകുമാറിനോ എസ്.സുരേഷിനോ ആണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ്, കഴക്കൂട്ടത്ത് കെ.സുരേന്ദ്രന്‍ എന്നിവര്‍ മത്സരിച്ചേക്കും.

കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്‍, ആറ്റിങ്ങലില്‍ ബി.എല്‍.സുധീര്‍, കുന്നത്തൂരില്‍ രാജി പ്രസാദ്, ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ചെങ്ങന്നൂരില്‍ എം.ടി.രമേശ്, തൃപ്പൂണിത്തുറയില്‍ പി.ആര്‍.ശിവശങ്കര്‍ എന്നിവരെ പരിഗണിക്കും.

തൃശൂരില്‍ സന്ദീപ് വാര്യര്‍, ബി.ഗോപാലകൃഷ്ണന്‍, അനീഷ്‌കുമാര്‍ എന്നിവര്‍ക്ക് സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP aims to gt 70 more seats in Kerala legislative assembly election