| Thursday, 29th July 2021, 8:47 am

'ഈദിന് നല്‍കിയ ഇളവ് കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമായി'; പെഗാസസിനെ വഴിതിരിച്ചു വിടാന്‍ കേരളത്തെ ലക്ഷ്യം വെച്ച് ബി.ജെ.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പെഗാസസ് വിവാദം പുകയുന്നതിനിടെ കേരളത്തിലെ കൊവിഡ് വ്യാപനം ദേശീയ വിഷയമാക്കാന്‍ ബി.ജെ.പി. കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് 50 ശതമാനത്തോളം സ്ഥിരീകരിക്കുന്നത് കേരളത്തിലാണെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞദിവസം ബി.ജെ.പി. ദേശീയ വക്താവ് സംപീത് പത്ര പറഞ്ഞത്. ഈദിന് നല്‍കിയ ഇളവ് കാരണമാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്നും സംപീത് പത്ര കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കേന്ദ്ര മന്ത്രിമാരുടെയും തുടങ്ങി രാജ്യത്തെ പ്രമുഖരുടെയെല്ലാം ഫോണ്‍ രേഖകള്‍ ചോര്‍ത്തപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ബുധനാഴ്ച വരെ 43,654 കേസുകളാണ് രാജ്യത്ത് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് ബി.ജെ.പിയുടെ നീക്കം.

ഈദിന് നല്‍കിയ ഇളവ് കാരണം രാജ്യത്ത് പകുതി കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നായിരുന്നു സംപീത് പത്ര പറഞ്ഞത്.

എന്നാല്‍ ആളുകള്‍ പതിവുപോലെ കുംഭമേളയെയോ കാന്‍വാര്‍ യാത്രയെയോ ആണ് കുറ്റപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഫോണും പെഗാസസ് വഴി ചോര്‍ത്തിയെന്ന ആരോപണത്തെയും സംപീത് പത്ര തള്ളി.

കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത് കാര്യമാണുള്ളതെന്നാണ് സംപീത് ചോദിച്ചത്.

ഫോണ്‍ ചോര്‍ത്തിയെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ പരാതിപ്പെടുന്നില്ല. വെറുതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണമുയര്‍ത്തുകയാണ് രാഹുല്‍ ചെയ്യുന്നത്. എന്തിനാണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്തുന്നത്? കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പോലും രാഹുലിന് കഴിയുന്നില്ല. അദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത് കിട്ടാനാണ് എന്നാണ് സംപീത് പത്ര ചോദിച്ചത്.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിലടക്കം പ്രതിപക്ഷം പെഗാസസ് മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടെയാണ് ബി.ജെപി. കേരളത്തിലെ കൊവിഡ് വ്യാപനത്തെ മറയാക്കി പെഗാസസ് വിവാദത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP aims Kerala on Covid hike to hide Pegasus controversy

We use cookies to give you the best possible experience. Learn more