| Saturday, 10th November 2018, 1:11 pm

എന്തിനാണ് മത ഭ്രാന്തന്മാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്ന് ബി.ജെ.പി; മത സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കയ്യില്‍ വിലങ്ങു വീഴുമെന്ന് ഉപമുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തെ മുന്‍നിര്‍ത്തി കര്‍ണാടകയിലെ മത സൗഹാര്‍ദം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര. മത സൗഹാര്‍ദം തകര്‍ക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും ആഘോഷം താറുമാറാക്കാന്‍ ശ്രമിച്ചാല്‍ അവരുടെ കയ്യില്‍ വിലങ്ങു വീഴുമെന്നും പരമേശ്വര പറഞ്ഞു.

അതേസമയം, ടിപ്പു സുല്‍ത്താന്‍ ജയന്തിക്കിടെ കുടക് ജില്ലയില്‍ സംഘപരിവാര്‍ സംഘടനയുടെ വ്യാപക പ്രതിഷേധം നടക്കുകയാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ആഘോഷങ്ങളില്‍ നിന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് മത ഭ്രാന്തന്മാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നത് എന്നാണ് ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ചോദിക്കുന്നത്. ടിപ്പു സുല്‍ത്താന്‍ ഒരു വീരന്‍ അല്ലെന്നും സ്വേഛാധിപതി ആണെന്നും ബി.ജെ.പി പറയുന്നു.


കോണ്‍ഗ്രസും ടിപ്പു സുല്‍ത്താനും ഹിന്ദുത്വ വിരുദ്ധരാണെന്നും ഹിന്ദുക്കളെ അടിച്ചമര്‍ത്തുന്നവരാണെന്നുമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഹിന്ദുക്കളെ വിഘടിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസിന്റേയും ടിപ്പുവിന്റേയും ലക്ഷ്യമെന്നും ബി.ജെ.പി പറഞ്ഞു.

ടിപ്പു ജയന്തി ആഘോഷം നിര്‍ത്തിവെക്കാന്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് യെദ്യൂരപ്പയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം സമുദായത്തെ പ്രീതിപ്പെടുത്താനുള്ള ആഘോഷം നിര്‍ത്തിവെക്കണം എന്നാണ് യെദ്യൂരപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഒരു മത നേതാവിന്റേയും വിജയം ആഘോഷമാക്കാറില്ലെന്നും സര്‍ക്കാര്‍ ആഘോഷിക്കുന്നത് ദേശസ്‌നേഹിയായ, മതേതര വാദിയായ ഒരു യോഗ്യന്റെ ജന്മദിനമാണെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രി ഡി.കെ ശിവകുമാര്‍ വിധാന സൗധയിലെ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തു.


അതേസമയം, ടിപ്പു ജയന്തി ആഘോഷത്തില്‍ നിന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിട്ടു നിന്നു. മൂന്നു ദിവസത്തേക്കുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ജയന്തി ആഘോഷത്തെച്ചൊല്ലി സര്‍ക്കാരിലും ഭിന്നതയുണ്ടായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ആഘോഷത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെ കുമാരസ്വാമി നേരത്തേ എതിര്‍ത്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം കോണ്‍ഗ്രസിന്റെ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു.

വന്‍സുരക്ഷയാണ് കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്. കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഘോഷയാത്ര അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.


കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും സുരക്ഷ ശക്തമാക്കി. വാഹനപരിശോധനയ്ക്കായി 40 ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹാചര്യം നേരിടാന്‍ പ്രത്യേക എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more