| Saturday, 12th January 2019, 2:13 pm

തെരഞ്ഞെടുപ്പ് സത്യസന്ധനായ നേതാവും അവസരവാദ കൂട്ടുകെട്ടും തമ്മില്‍; എസ്.പി- ബി.എസ്.പി സഖ്യം നിലനില്‍പ്പിനെന്നും ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.പി- ബി.എസ്.പി സഖ്യം നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് ബി.ജെ.പി. സഖ്യം, രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയല്ലെന്നും നിലനില്‍പ്പിനു വേണ്ടിയാണെന്നും ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥിരതയുള്ള സത്യസന്ധനായ നേതാവും നേതാവില്ലാത്ത അവസരവാദ കൂട്ടുകെട്ടും തമ്മിലാണെന്നും ബി.ജെ.പി പറഞ്ഞു.


സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിക്ഷത്തിനു നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഭരണത്തുടര്‍ച്ച നേടുക എന്നതാണ് ലക്ഷ്യമെന്ന് ഇന്നലെ ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

അതേസമയം, യു.പിയില്‍ സമാജ്വാദി  പാര്‍ട്ടിയുടേയും ബി.എസ്.പിയുടേയും മഹാസഖ്യം മായാവതി പ്രഖ്യാപിച്ചു. ഈ സഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു.

37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും സീറ്റ് സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു.


ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും. എന്നാല്‍ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുത്തിട്ടില്ല.

ഗോരഖ്പുര്‍ അടക്കം കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ സജീവമായത്. സഖ്യം സാധ്യമായാല്‍ വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതക്കാണ് അന്ത്യമാകുന്നത്.

We use cookies to give you the best possible experience. Learn more