|

ഫ്യൂഡല്‍ ചിന്ത; രാഷ്ട്രപതിയെ പാവമെന്ന് വിശേഷിപ്പിച്ച സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിനെതിരായ രാജ്യസഭാ എം.പി സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍.

സോണിയ ഗാന്ധിയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രപതി ഭവന്‍ പറഞ്ഞു. സോണിയയുടെ പ്രതികരണത്തില്‍ രാഷ്ട്രപതി അതൃപ്തി അറിയിക്കുകയും ചെയ്തു.

‘പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളര്‍ന്നിരുന്നു. അവർക്ക് സംസാരിക്കാൻ പ്രയാസമുണ്ട്, പാവം,’ എന്നാണ് സോണിയ പ്രതികരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് എം.പി.

എന്നാല്‍ പ്രസംഗത്തിനിടെ രാഷ്ട്രപതിക്ക് ക്ഷീണം ഉണ്ടായിട്ടില്ലെന്നും മോശമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമെന്നും രാഷ്ട്രപതി ഭവന്‍ പറഞ്ഞു. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ ക്ഷീണം തോന്നേണ്ട കാര്യമില്ലെന്നും രാഷ്ട്രപതി ഭവന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന പരാമര്‍ശമാണ് സോണിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രതികരണമുണ്ടായി.

നിലവില്‍ സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി. നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, സോണിയ ഗാന്ധി രാഷ്ട്രപതിയോടും ആദിവാസി സമൂഹത്തോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പാവം എന്ന വാക്ക് രാഷ്ട്രപതിയോടുള്ള അനാദരവാണെന്നും നദ്ദ പറഞ്ഞു.

രാഷ്ട്രപതിയെ ‘പാവം’ എന്ന് വിശേഷിപ്പിച്ച് സോണിയാ ഗാന്ധി ഉന്നതപദവിയെ തരംതാഴ്ത്തുകയും അവരുടെ ഫ്യൂഡല്‍ മാനസികാവസ്ഥയെ പുറന്തള്ളുകയുമാണ് ചെയ്തതെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.

അതേസമയം സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചിട്ടില്ലെന്ന് ലോക്‌സഭാ എം.പി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. നീണ്ട പ്രസംഗം വായിച്ച് ക്ഷീണിതയായെന്ന പരാമര്‍ശം മറ്റൊരര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും പ്രിയങ്ക പറഞ്ഞു. സോണിയയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും രാഷ്ട്രപതിയോട് ബഹുമാനം മാത്രേ ഉള്ളുവെന്നും പ്രിയങ്ക പ്രതികരിച്ചു.

Content Highlight: BJP against Sonia Gandhi who called the President poor

Video Stories