കഴിഞ്ഞ ദിവസം ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണാനെത്തിയ സ്ത്രീയോട് തിയേറ്ററില്‍ കയറുന്നതിന് മുമ്പേ ധരിച്ചിരുന്ന കാവി ഷാള്‍ ഒഴിവാക്കണമെന്ന് പറഞ്ഞതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
‘നാസിക്കിലെ ഒരു തിയേറ്ററില്‍ കശ്മിര്‍ ഫയല്‍സ് സിനിമ കാണാനെത്തിയ സ്ത്രീയുടെ കാവി ഷാള്‍ അഴിച്ചുവെപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഉദ്ദവ്ജി ഇതാണോ നിങ്ങളുടെ ഹിന്ദുത്വം,’ ബി.ജെ.പി ട്വീറ്റ് ചെയ്തു.
വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച കശ്മീര്‍ ഫയല്‍സ് പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെത്തുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന പണ്ഡിറ്റുകളുടെ കഥയാണ് സിനിമ പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
അതേസമയം സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. മത- വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നാണ് പ്രതികരണങ്ങള്‍.
ഇതിന് പുറമെ ന്യൂസിലാന്‍ഡില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ നടപടി പുനഃപരിശോധിക്കാന്‍ ന്യൂസിലാന്‍ഡ് സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും പരാതിയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടയുമാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ചിത്രത്തിന് നേരത്തെ നല്‍കിയ പ്രദര്‍ശനാനുമതി റദ്ദാക്കാന്‍ ന്യൂസിലാന്‍ഡ് സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘടനകളടക്കം വിവിധ വിഭാഗങ്ങള്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.