തിരുവനന്തപുരം: ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങളില്‍ പൃഥ്വിരാജോ സിനിമയുടെ ഭാഗമായുള്ള മറ്റുള്ളവരോ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാത്തത് നന്ദികേടാണെന്ന് ബി.ജെ.പി. കൊവിഡ് സമയത്ത് ജോര്‍ദാനില്‍ അകപ്പെട്ട ആടുജീവിതം ടീമിനെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിന് വേണ്ടി പരിശ്രമിച്ചത് സുരേഷ്‌ഗോപിയായിരുന്നു എന്നും എന്നാല്‍ ഓഡിയോ ലോഞ്ച് മുതല്‍ ഇതുവരെ നടന്ന പ്രമോഷന്‍ പരിപാടികളിലൊന്നും അക്കാര്യം ആരും പരാമര്‍ശിച്ചില്ല എന്നാണ് ബി.ജെ.പിയുടെ വിമര്‍ശനം.
ബി.ജെ.പി ആറ്റിങ്ങല്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വിമര്‍ശനം വന്നിട്ടുള്ളത്. ഈ സിനിമക്ക് വേണ്ടിയുള്ള 13 വര്‍ഷത്തെ പ്രയത്‌നത്തെ മാനിക്കുന്നണ്ടെന്നും സിനിമക്ക് അവാര്‍ഡ് കിട്ടിയാല്‍ അഭിമാനിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
വിജയങ്ങളും പുരസ്‌കാരങ്ങളും എല്ലാവരെയും തേടിവരാമെന്നും എന്നാല്‍ അന്തസുള്ള മനുഷ്യരില്‍ നന്ദി എന്ന വികാരമുണ്ടാകണമെന്നും ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ ഫോട്ടോക്കൊപ്പമുള്ള ഈ പോസ്റ്റില്‍ പറയുന്നു. പൃഥി രാജിനെയും സിനിമയെയും വിമര്‍ശിച്ചുകൊണ്ടുള്ള ഏതാനും കമന്റുകളും ഈ പോസ്റ്റിന് താഴെയുണ്ട്.
‘ഇവനൊക്കെ എവിടുന്ന് നന്ദി, പ്രത്യേകിച്ച് രായപ്പന്, തിരിച്ചുവന്ന ഉടന്‍ ഇവന്‍ നന്ദികേടാണ് കാണിച്ചത്’ എന്നാണ് ധനേഷ് എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ ഇത് ഞമ്മക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയല്ലേ കോയാ’ എന്നാണ് ശ്രീകുമാര്‍ എന്ന വ്യക്തി ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
പതിനൊന്നായിരം ഫോളോവേഴ്‌സുള്ള ബി.ജെ.പി ആറ്റിങ്ങല്‍ എന്ന ഈ പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുള്ള പേജ് ബി.ജെ.പിയുടെ ആറ്റിങ്ങല്‍ പ്രാദേശിക ഘടകത്തിന്റേതാണെന്നാണ് സൂചിപ്പിക്കുന്നത്. വിവിധ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളും ബി.ജെ.പിയുടെ ക്യാമ്പയിന്‍ കണ്ടന്റുകളും ഈ പേജിലുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ആട് ജീവിതം…..13വർഷത്തെ പ്രയത്നം സമൂഹം മാനിക്കും. ഇതിന് അവാർഡ് കിട്ടിയാൽ ഒരു മലയാളി എന്ന രീതിയിൽ എല്ലാവർക്കും അഭിമാനമാണ്. പക്ഷേ ഓഡിയോ ലോഞ്ച് മുതൽ ദിവസേന നടക്കുന്ന പ്രമോഷൻ പരിപാടികളിൽ പല വ്യക്തികളും പങ്കെടുത്തെങ്കിലും ഒരിക്കൽപോലും കോവിഡ് സമയത്ത് ജോർദാനിൽ അകപ്പെട്ടുപോയ ആടുജീവിതം ടീമിനെ ഭാരതത്തിൽ തിരികെ എത്തിക്കാൻ വേണ്ടി ഒരുപാട് പരിശ്രമിച്ച ഒരു വ്യക്തിയുണ്ട്.അദ്ദേഹത്തെ ഒരു വേദികളിലും താങ്കളോ താങ്കളുടെ ടീമിൽ ഉള്ളവരോ പരാമർശിച്ചു കണ്ടില്ല. ആ മനുഷ്യന്റെ പേര് “സുരേഷ് ഗോപി “എന്നാണ്…. വിജയങ്ങളും, പുരസ്കാരങ്ങളും തേടി വരാം … പക്ഷേ അന്തസ്സുള്ള ഏത് ഒരു വ്യക്തിയുടെയും മനസ്സിലുണ്ടാകേണ്ട ഒരു വാക്കുണ്ട്….ഒരു വികാരമുണ്ട്….അതിന്റെ പേരാണ് “നന്ദി, “
content highlights: BJP against not thanking Suresh Gopi for promotion of goat life