| Friday, 28th July 2023, 8:45 am

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമവിരുദ്ധമാക്കുന്ന ബില്ല് പാസാക്കണം: ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമവിരുദ്ധമാക്കുന്ന ബില്ല് പാസാക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ട് ബി.ജെ.പി എം.പി അജയ് പ്രതാപ് സിങ്.

ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പ്രകാരം ലോകത്തെ 38 ശതമാനം സ്ത്രീകളും അവരുടെ പങ്കാളികളാല്‍ കൊല്ലപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘വിവാഹവും കുടുംബ ബന്ധവും ഇന്ത്യയുടെ സംസ്‌കാരമാണ്. നമ്മുടെ മത ഗ്രന്ഥങ്ങളും ആചാരങ്ങളും ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ അംഗീകരിക്കുന്നില്ല. ഈ ബന്ധം അനീതിയാണെന്ന് സുപ്രീം കോടതി അംഗീകരിച്ചെങ്കിലും നിയമവിരുദ്ധമായി പ്രഖ്യാപിച്ചില്ല.

സര്‍ക്കാര്‍ ഇത് മനസിലാക്കി, ഈ സംസ്‌കാരം ഇല്ലാതാക്കാനും സ്ത്രീകളെ സംരക്ഷിക്കാനുമുള്ള ഒരു നിയമം കൊണ്ടു വരണം ,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാംസ്‌കാരവുമായി മുന്നോട്ട് പോകണോ അതോ രാജ്യത്തെ അമേരിക്കയോ മെക്സിക്കോയോ ആക്കണമോയെന്നും അദ്ദേഹം രാജ്യസഭക്ക് ശേഷം എ.എന്‍.ഐയോട് സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു.

‘1978 ല്‍, ഇന്ത്യയില്‍ ലിവ് ഇന്‍ ബന്ധം അധാര്‍മികമാണെങ്കിലും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഒരു വിധത്തില്‍ കോടതി ഈ ബന്ധത്തെ അംഗീകരിക്കുകയായിരുന്നു.

ഇത് ലിവ് ഇന്‍ ബന്ധങ്ങള്‍ വര്‍ധിക്കാന്‍ കാരണവുമായി. എന്നാല്‍ ഭാര്യയെന്ന നിലയില്‍ ഒരു സ്ത്രീക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ലിവ് ഇന്‍ ബന്ധത്തിലെ സ്ത്രീക്കും ലഭിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ ബന്ധങ്ങളില്‍ നിന്ന് ജനിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.

എന്നാല്‍ ഈ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നതു കൊണ്ടാണ് ഞാന്‍ ഈ വിഷയം ഉന്നയിച്ചത്. ഏത് തരത്തിലുള്ള രാജ്യമാണ് നമുക്ക് വേണ്ടതെന്ന് സമൂഹം തീരുമാനിക്കണം. നമ്മുടെ സാംസ്‌കാരവുമായി മുന്നോട്ട് പോകണോ അതോ നമ്മുടെ രാജ്യത്തെ അമേരിക്കയോ മെക്സിക്കോയോ ആക്കണോ? അജയ് പ്രതാപ് സിങ് പറഞ്ഞു.

content highlights: bjp against live in relationship

We use cookies to give you the best possible experience. Learn more