ന്യൂദല്‍ഹി: കര്‍ഷക സമരത്തെ അധിക്ഷേപിച്ച് ബി.ജെ.പി എം.പി മനോജ് തിവാരി. രാജ്യാതിര്‍ത്തിയെ ഷഹീന്‍ബാഗ് ആക്കിത്തീര്‍ക്കാനുള്ള ശ്രമം മാത്രമാണ് കര്‍ഷക പ്രതിഷേധമെന്നും ‘ തുക്‌ഡെ തുക്‌ഡെ ഗ്യാങ്’ ആണ് ഇതിന് പിന്നിലെന്നും തിവാരി ആരോപിച്ചു.
രാജ്യത്തെ സമാധാനം തകര്‍ക്കാനുള്ള കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടത്തുന്നതെന്നും ഇയാള്‍ ആരോപിച്ചു.
പൗരത്വ പട്ടികയേയും പൗരത്വഭേദഗതി നിയമത്തേയും എതിര്‍ത്ത് ഷഹീന്‍ബാഗില്‍ എത്തിയ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സാന്നിധ്യം ‘തുക്‌ഡെ-തുക്‌ഡെ’ സംഘം ഷഹീന്‍ ബാഗ് 2.0 പരീക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണെന്നും കര്‍ഷകര്‍ക്ക് മേല്‍ പിടിമുറുക്കി രാജ്യത്ത് അശാന്തി ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും തിവാരി ആരോപിച്ചു.
”ദല്‍ഹിയില്‍ വിജയിച്ച കലാപത്തിന്റെ ഗൂഢാലാചനക്കാര്‍ കര്‍ഷകരുടെ പേരില്‍ രാജ്യവ്യാപകമായി കലാപം നടത്താന്‍ തയ്യാറെടുക്കുകയാണ്. അവരെ പരാജയപ്പെടുത്തേണ്ടത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്” തിവാരി പറഞ്ഞു.
ഇതിന് മുന്‍പും സമരത്തെ അധിക്ഷേപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം എട്ടാം ദിവസത്തില്‍ എത്തിനില്‍ക്കുകയാണ് ഇന്ന് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.
ഇത് നാലാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. കര്‍ഷക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്.
ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.
അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ഈ ചര്‍ച്ച സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ സര്‍ക്കാരുമായി കര്‍ഷകര്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകില്ല.
എന്നാല്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷായ്ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു. ഇപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക