ന്യൂദല്‍ഹി: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സജീവമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ അതൃപ്തിയറിയിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഈ പ്രതിഷേധങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബി.ജെ.പി പ്രവര്‍ത്തകരുടേത്. ബി.ജെ.പി മുന്നോട്ട് വെച്ച ആശയങ്ങളും നുപുറിനെ പുറത്താക്കിയ പാര്‍ട്ടി നടപടിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം.
പാര്‍ട്ടിയുടെ ആശയങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞതിന് എന്തിനാണ് നുപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തത് എന്നതാണ് ചില പ്രവര്‍ത്തകരുടെ തന്നെ ആശങ്ക. ഹിന്ദുരാഷ്ട്രം പണിയുമെന്നും, സി.എ.എ, കര്‍ഷക നിയമം തുടങ്ങിയ നടപ്പിലാക്കുമെന്നും പറഞ്ഞ ബി.ജെ.പി എന്തേ നയത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്നു എന്ന് ആശങ്കപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നിരവധിയാണ്.
അടുത്തകാലത്തായി ബി.ജെ.പി അസഹിഷ്ണുത കാണിക്കുന്നുണ്ട്, അതിനാല്‍ എല്ലാ ഹിന്ദുത്വ വിശ്വാസികളും ഒരോ പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് കുറിച്ച ഹിന്ദുത്വ വാദികള്‍ വരെ സംഘത്തിലുണ്ടെന്നതാണ് മറ്റൊരു വിചിത്രമായ വസ്തുത.