| Tuesday, 1st October 2019, 11:15 pm

ബി.ഡി.ജെ.എസ് മുന്നണി വിട്ടാല്‍ തടയേണ്ടെന്ന് ബി.ജെ.പി; തുഷാറും സംഘവും ഇടതുമുന്നണിയിലേക്കോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ഡിജെ.എസ് എന്‍.ഡി.എ മുന്നണി വിട്ടാല്‍ തയാന്‍ നില്‍ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച് ബി.ജെ.പി. കേന്ദ്ര, കേരള നേതൃത്വങ്ങളും ഇതേ നിലപാടാണ് ഇക്കാര്യത്തില്‍ ഇനി സ്വീകരിക്കുക.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും തണുപ്പന്‍ മട്ടിലുള്ള പ്രവര്‍ത്തനമാണ് ബി.ഡിജെ.എസ് നടത്തുന്നത്. അതേ സമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു ബി.ഡി.ജെ.എസ് നടത്തിയിരുന്നു.

പാലായില്‍ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെങ്കിലും വോട്ട് ഇടതുമുന്നണിക്ക് അനുകൂലമായി മറിച്ചെന്ന് ബി.ജെ.പി നേതൃത്വം വിശ്വസിക്കുന്നു. ഉപതെരഞ്ഞെടുപ്പുകളിലും സമാന നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക എന്നും അവര്‍ കരുതുന്നു. അതിനാലാണ് അരൂരില്‍ മത്സരിക്കുന്നില്ലെന്ന് ബി.ഡി.ജെ.എസ് നിലപാടെടുത്തപ്പോള്‍ ഉടനെ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്.

വെള്ളാപ്പള്ളി നടേശന്റെ ഇഷ്ടപ്രകാരമാണ് ബി.ഡി.ജെ.എസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. അത് ഇടതുമുന്നണിക്ക് അനുകൂലവുമാണ്.

സ്ഥാനമാനങ്ങള്‍ ചോദിച്ചുള്ള സമ്മര്‍ദ്ദ നടപടികള്‍ ബി.ഡി.ജെ.എസ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സമയത്തും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും പ്രയോഗിച്ചിരുന്നു. ഇനി അതിന് വഴങ്ങേണ്ടെന്നാണ് ബി.ജെ.പി തീരുമാനം.

എല്‍.ഡി.എഫിലേക്ക് പോകാനാണ് ബി.ഡി.ജെ.എസ് ശ്രമമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്‍.ഡി.എ മുന്നണി വിടണമെന്ന നിലപാട് പല ബി.ഡി.ജെ.എസ് നേതാക്കളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ടി.വി ബാബു തന്നെയാണ് വിമര്‍ശനത്തിന് തുടക്കം കുറിച്ചതും.

മുന്നണി വിട്ടാല്‍ ബി.ഡി.ജെ.എസ് എന്ത് നിലപാട് സ്വീകരിക്കും എന്നത് നിലവില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഇടതുമുന്നണിയ്ക്ക് അനുകൂലമായ നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിക്കുന്നതെങ്കിലും സി.പി.ഐ.എം ബി.ഡി.ജെ.എസിനെ പേരെടുത്ത് പറഞ്ഞ് പിന്തുണ നല്‍കാന്‍ പ്രത്യക്ഷത്തില്‍ തയ്യാറായിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more