| Wednesday, 28th December 2016, 7:23 pm

രാജ്യം മാറിയതറിഞ്ഞില്ലേ, മോദിക്കെതിരെ പറയാന്‍ എം.ടിക്ക് എന്തധികാരം; എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്


നോട്ട് നിരോധന നടപടിയില്‍ എം.ടിയുടെ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ല. രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.


കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന നടപടിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിച്ച എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി രംഗത്ത്.

പ്രധാനമന്ത്രിക്കെതിരെ പറയാന്‍ എം.ടിക്ക് എന്ത് അധികാരമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. നോട്ട് നിരോധന നടപടിയില്‍ എം.ടിയുടെ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ല. രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പല ഘട്ടങ്ങളിലും മൗനം പാലിച്ച എം.ടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം ഒാടിപ്പിടഞ്ഞ് അവിടെ പോയി ആര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എ.കെ.ജി സെന്ററിനു മുന്നില്‍ സാഹിത്യ സാംസ്‌കാരിക നായകന്‍മാരുടെ തിരക്കാണ്. ബോര്‍ഡ് സ്ഥാനങ്ങള്‍ക്കായി എ.കെ.ജി സെന്ററിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളുകളുടെ പട്ടികയില്‍ തങ്ങളോ പൊതുസമൂഹമോ പെടുത്തിയിട്ടില്ലെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എം.ടി പ്രതികരിച്ചതെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.


സേതുവും മോഹനവര്‍മ്മയും ആ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എന്നാല്‍ എം.ടി കാര്യങ്ങള്‍ അറിയാതെ പ്രതികരിച്ചത് ശരിയായില്ല, രാധാകൃഷ്ണന്‍ പറഞ്ഞു.

കറന്‍സി പിന്‍വലിച്ച് രാജ്യങ്ങളെല്ലാം നേരിട്ടത് വലിയ ആപത്താണെന്നും, നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയെന്നും എം.ടി വിമര്‍ശനമായി പറഞ്ഞിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ “കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും” എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തുഗ്ലക്ക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരുമെന്നും മോദിയെ ലക്ഷ്യംവെച്ച് എം.ടി പറഞ്ഞിരുന്നു. ഇതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.

We use cookies to give you the best possible experience. Learn more