അവര്‍ എന്നെ കൊല്ലും; യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍
Saffron Terror
അവര്‍ എന്നെ കൊല്ലും; യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th July 2018, 8:03 pm

തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ തന്റെ ഓഫീസിനുനേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ യുവജന സംഘടനയാണ് യുവമോര്‍ച്ച.

” അവര്‍ എന്റെ ഓഫീസ് അടിച്ചുതകര്‍ത്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിനുനേരെയും അഭിപ്രായ പ്രകടനത്തിനുനേരെയുമുള്ള ആക്രമണമാണിത്.”

ALSO READ: നാളെ നടത്താനിരുന്ന എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

ട്വിറ്ററിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം. തന്നെ കാണാനെത്തിയവരെയും നിവേദനം സമര്‍പ്പിക്കാനെത്തിയവരെയും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി രണ്ടാം വട്ടവും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്ന് തരൂര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് യുവമോര്‍ച്ചയുടെ ആക്രമണം.

ഓഫീസിന്റെ കവാടത്തില്‍ കരി ഓയില്‍ ഒഴിച്ച സംഘം കരിങ്കൊടി നാട്ടുകയും “തരൂരിന്റെ പാകിസ്ഥാന്‍ ഓഫീസ്” എന്ന സൂചനാബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

പൊലീസുദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലാത്ത ഒരു സംഘം ആളുകള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം അതിക്രമത്തെ ശക്തമായി അപലപിച്ചു.

ALSO READ: 2019ല്‍ ബി.ജെ.പിയെ എങ്ങനെ തോല്‍പ്പിക്കാം? പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാല് വഴികള്‍ നിര്‍ദേശിച്ച് യശ്വന്ത് സിന്‍ഹ

2019ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ബി.ജെ.പി ക്ഷമാപണമാവശ്യപ്പെട്ടെങ്കിലും തന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു തരൂര്‍. “മതന്യൂനപക്ഷങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന തരത്തില്‍ ഒരു ഭൂരിപക്ഷാധിപത്യ മതവിഭാഗം നിലനില്‍ക്കുന്ന സ്റ്റേറ്റ് ഹിന്ദു പാകിസ്ഥാനായി മാറുക തന്നെ ചെയ്യും.” നിലപാടു വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം യുവമോര്‍ച്ചാ ആക്രമണത്തെ ന്യായീകരിക്കുന്ന നിലപാടായിരുന്നു ബി.ജെ.പി സ്വീകരിച്ചത്.

WATCH THIS VIDEO: